23/07/2026
[fontresizer_tawhidurrahmandear_widget]

കുട്ടികൾ കരയുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോൺ നൽകാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

 കുട്ടികൾ കരയുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫോൺ നൽകാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

കുട്ടികളുടെ കരച്ചിലടക്കാനും അവരെ ശാന്തരാക്കാനുമായി മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും നൽകുന്ന മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആഗോള പഠന റിപ്പോർട്ടുകൾ. ഡിജിറ്റൽ ഡിവൈസുകളുടെ അമിതോപയോഗം കുട്ടികളുടെ സ്വാഭാവിക വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് യുകെയിലെ നാല് സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു.

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. ചെറുപ്രായത്തിൽ തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മാതാപിതാക്കളുമായുള്ള ആത്മബന്ധം കുറയ്ക്കാൻ ഇടയാക്കും. കൂടാതെ, ഭാഷാശേഷി വൈകാനും സമപ്രായക്കാരുമായി കളികളിൽ ഏർപ്പെടുന്നത് കുറയാനും ഇത് കാരണമാകുന്നു. ഇത്തരം കുട്ടികളിൽ ഉറക്കക്കുറവ്, ചെറുപ്രായത്തിലെ അമിതവണ്ണം, കാഴ്ചസംബന്ധമായ തകരാറുകൾ എന്നിവയും കണ്ടുവരുന്നുണ്ട്.

ആദ്യത്തെ 1001 ദിവസങ്ങൾ പ്രധാനം

മനുഷ്യ വികാസത്തിൽ ജീവിതത്തിലെ ആദ്യത്തെ 1001 ദിവസങ്ങൾ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിൽ പതിവായുള്ള സ്ക്രീൻ ഉപയോഗം ഒരു കാരണവശാലും അനുവദിക്കരുത്. വീഡിയോ കോളുകളിലൂടെയും ഡിജിറ്റൽ ഡിവൈസുകളുടെ സഹായത്തോടെയുമുള്ള പഠനരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ സ്ക്രീൻ ഉപയോഗം ദോഷകരമല്ലെന്ന തെറ്റായ ചിന്ത മാതാപിതാക്കളിൽ വളരും. ഈ ഡിജിറ്റൽ യുഗത്തിൽ വല്ലപ്പോഴുമുള്ള ഫോൺ ഉപയോഗം പൂർണമായി തടയാൻ കഴിയില്ലെങ്കിലും, അത് അമിതമാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന് സ്വീഡൻ അടുത്തിടെ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. സ്കൂൾ സമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർ വരെ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.

ചെറുപ്രായത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് അമേരിക്കയിലെ സാപിയൻ ലാബ്സ് നടത്തിയ പഠനവും വ്യക്തമാക്കുന്നു. പത്തുവയസ്സിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ 60-70 ശതമാനം പേർക്കും, ആൺകുട്ടികളിൽ 45-50 ശതമാനം പേർക്കും പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്ക്.

നട്ടെല്ലിനും ദോഷം

ഒരു ദിവസം മൂന്ന് മണിക്കൂറിൽ കൂടുതൽ മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളിലും കൗമാരക്കാരിലും പുറംവേദനയും നട്ടെല്ലിന് സംബന്ധമായ പ്രശ്നങ്ങളും കൂടുതലായി കണ്ടുവരുന്നതായി ‘ഹെൽത്ത്കെയർ’ എന്ന സയൻ്റിഫിക് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കുട്ടികൾ കരയുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, യാത്രകളിലോ അവരെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകുന്ന ശീലം മാതാപിതാക്കൾ പൂർണമായും നിർത്തണം. പകരം കുട്ടികളെ മറ്റ് ഹോബികളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും സജീവമാക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു.

Also read: