ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി; യുഎഇ റെയിൽവേയിൽ തിളങ്ങി അഞ്ച് മലയാളികൾ
അബുദാബി: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ അഭിമാന നേട്ടവുമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായി മലയാളി സംഘത്തെ നയിക്കുന്നത് നിഷാദാണ്.
നിഷാദിനൊപ്പം മറ്റ് നാല് മലയാളികൾ കൂടി സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ കാവലാളായുണ്ട്. കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ ക്യാപ്റ്റന്മാരായും, പാലക്കാട് സ്വദേശി രഞ്ജി രവി, മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് എന്നിവർ ട്രെയിൻ മാസ്റ്റർമാരായും സേവനമനുഷ്ഠിക്കുന്നു. പുതുമുഖങ്ങളായെത്തി കഠിനമായ പരിശീലനത്തിലൂടെ മികവ് തെളിയിച്ചാണ് ഇവർ ഈ പദവികളിൽ എത്തിയത്.
2014-ൽ കാഷ്യറായാണ് നിഷാദ് യുഎഇയിൽ പ്രവാസി ജീവിതം ആരംഭിക്കുന്നത്. പിന്നീട് സെയിൽസ്, ഹോം ഡെലിവറി മേഖലകളിൽ ജോലി ചെയ്തു. 2017-ൽ പാം ജുമൈറ മോണോറെയിലിലൂടെയാണ് റെയിൽ ഗതാഗത മേഖലയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ദുബൈ ട്രാം, ദുബൈ മെട്രോ, സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ വിവിധ പദവികളിൽ പ്രവർത്തിച്ചു.
ഇമെയിൽ വിലാസത്തിലെ പിശക് കാരണം 2020-ൽ ഇത്തിഹാദ് റെയിലിലേക്കുള്ള ആദ്യ അപേക്ഷ നിരസിക്കപ്പെട്ടെങ്കിലും, കഠിനശ്രമത്തിലൂടെ 2022-ൽ പരീക്ഷകളും അഭിമുഖങ്ങളും നിഷാദ് വിജയിച്ചു. തുടർന്നാണ് 2024-ൽ ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാസഞ്ചർ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഹിബ ഗഫൂറാണ് ഭാര്യ, ഖലീഫ സായിദ് മകനാണ്.