ഇറാഖ് അഴിമതി റെയ്ഡ്: മന്ത്രിമാരെ ലക്ഷ്യമിട്ട് വമ്പന്‍ വേട്ട; 27 കിലോ സ്വര്‍ണം, സ്വർണത്തിൽ തീർത്ത അടിവസ്ത്രങ്ങൾ പിടിച്ചെടുത്തു | Iraq corruption raid
ബഗ്ദാദ്: ഇറാഖിനെ ഞെട്ടിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വസതികളിൽ വമ്പൻ അഴിമതി വിരുദ്ധ റെയ്ഡ്(ഇറാഖ് അഴിമതി റെയ്ഡ്| Iraq corruption raid). പുതുതായി അധികാരമേറ്റ ഇറാഖ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യമായ നീക്കത്തിൽ, മന്ത്രിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും വീടുകളിൽനിന്ന് പിടിച്ചെടുത്തത് ഏകദേശം 119 കോടി ഇറാഖി ദിനാറിന്റെ(ഏകദേശം 800 കോടി രൂപ) കറൻസി നോട്ടുകെട്ടുകളും കോടികൾ മൂല്യം വരുന്ന സ്വർണവും കള്ളപ്പണവുമാണ്. പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ പൂർണമായും സ്വർണത്തിൽ നിർമിച്ച അടിവസ്ത്രങ്ങൾ ഉൾപ്പെടെ പിടികൂടിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അലി അൽ സെയ്ദി അധികാരമേറ്റയുടൻ തന്നെ അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ ഭരണകൂടങ്ങളുടെ കാലത്ത് അഴിമതി വിരുദ്ധ അന്വേഷണങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സ്ഥാനത്താണ്, ഇത്തവണ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖരെ ഒരുപോലെ ലക്ഷ്യമിട്ട് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച വിപുലമായ അഴിമതി വിരുദ്ധ ഓപറേഷനിലാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതരെ ലക്ഷ്യമിട്ട് മിന്നൽ റെയ്ഡ് നടന്നത്. ഇറാഖ് ജുഡീഷ്യറിയുടെയും പ്രത്യേക സുരക്ഷാ സേനയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധനകൾ.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും റെയ്ഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇറാഖി ജനത ഭരണാധികാരികളുടെ ആഡംബര ജീവിതത്തിന്റെ ആഴം തിരിച്ചറിഞ്ഞത്. ഒരു സിറ്റിങ് എംപിയുടെ ആഡംബര വില്ലയിൽ നടത്തിയ പരിശോധനയിലാണ് വൻ സ്വർണശേഖരം കണ്ടെത്തിയത്. പട്ടിണിയും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ നരകിക്കുമ്പോഴാണ് ജനപ്രതിനിധികൾ ഇത്തരം അശ്ലീലമായ ആഡംബരങ്ങളിൽ മുഴുകുന്നതെന്ന തരത്തിൽ ഇറാഖിലെ തെരുവുകളിൽ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സ്വർണത്തിന് പുറമെ കോടിക്കണക്കിന് യു.എസ് ഡോളറുകളും ഇറാഖി ദിനാറുകളുമാണ് ബാങ്കുകളിൽ സൂക്ഷിക്കാതെ ഇവർ വീടുകളിൽ ഒളിപ്പിച്ചിരുന്നത്. അണ്ടർ ഗ്രൗണ്ടിലെ വലിയ ലോക്കറുകളിലും കിടപ്പുമുറിയിലെ രഹസ്യ അറകളിലുമായി ചാക്കുകളിലും പെട്ടികളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.
അഴിമതിക്കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ രാജ്യം വിടാൻ ശ്രമിച്ച പ്രമുഖ വനിതാ എംപിയായ ഹിന്ദ് അൽ അബ്ബാസിയെ കുർദിസ്ഥാൻ സുരക്ഷാ സേന അതിർത്തി ചെക്ക്പോസ്റ്റിൽ വെച്ച് നാടകീയമായി പിടികൂടി. തുടർന്ന് ഇവരെ ബാഗ്ദാദിലെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറി. ഹിന്ദ് അൽ അബ്ബാസിക്ക് പുറമെ എംപിമാരായ സിയാദ് അൽ ജനാബി, അലിയ നാസിഫ്, മുഹമ്മദ് അൽ കർബൂലി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ വമ്പന്മാരും അലി അൽ സെയ്ദി സർക്കാരിന്റെ വൻ വേട്ടയിൽ ഇതിനകം അഴിക്കുള്ളിലായിട്ടുണ്ട്.
ഇറാഖ് അഴിമതി റെയ്ഡ്: നീക്കം കള്ളപ്പണത്തിന്റെ സ്രോതസ്സ് ലക്ഷ്യമിട്ട്
സ്വർണവും പണവും ഉൾപ്പെടെ 2,700 കോടി രൂപയുടെ അവിഹിത സ്വത്ത് രാജ്യത്ത് നടന്ന വിവിധ പൊതുമേഖലാ അഴിമതികളിലൂടെ സമാഹരിച്ചതാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, എണ്ണ മേഖല എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാത്ത പദ്ധതികളുടെ പേരിൽ വ്യാജ കമ്പനികൾ ഉണ്ടാക്കി കോടിക്കണക്കിന് ഡോളർ സർക്കാർ ഫണ്ട് തട്ടിയെടുത്തതായാണു പ്രധാന കണ്ടെത്തൽ.
രാജ്യത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വൻതോതിൽ നികുതി വെട്ടിപ്പ് നടത്തി അതിലൂടെ ലഭിക്കുന്ന പണം കൈക്കൂലിയായി വാങ്ങുന്ന ശീലവും ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമായുണ്ട്. കോടികൾ വാങ്ങി സർക്കാർ തസ്തികകളിലേക്കുള്ള നിയമനങ്ങളും ഉയർന്ന സ്ഥാനക്കയറ്റങ്ങളും നടത്തൽ തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.
എണ്ണ സമ്പന്നമായ രാജ്യമായിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സാമ്പത്തിക തകർച്ചയും നേരിടുന്ന ഇറാഖിൽ, ജനങ്ങളുടെ നികുതിപ്പണവും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളിൽ നിന്നുള്ള വരുമാനവും എങ്ങനെയാണ് ഒരു ചെറിയ വിഭാഗം രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് മാത്രം എത്തുന്നതെന്ന് ഈ റെയ്ഡിലൂടെ വ്യക്തമായിരിക്കുകയാണ്.
ഇറാഖ് അഴിമതി റെയ്ഡ്: പുതുയുഗപ്പിറവിയോ?
ഇറാഖിൽ അലി അൽ സെയ്ദി പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റയുടൻ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടം ആരംഭശൂരത്വമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാഖിന്‍റെ രാഷ്ട്രീയ ചരിത്രവും സാമൂഹിക ഘടനയും ഒരുനിലയ്ക്കും ഇത്തരം വിപ്ലവകരമായ നീക്കങ്ങള്‍ക്ക് പാകമായ മണ്ണല്ല എന്നു തന്നെ വേണമെങ്കില്‍ പറയേണ്ടിവരും. ഇത്തരമൊരു ഘട്ടത്തില്‍ തന്റെ രാഷ്ട്രീയ ഭാവി പണയപ്പെടുത്തിക്കൊണ്ടാണെങ്കിലും രാജ്യത്തെ അഴിമതിയുടെ വേരറുക്കുമെന്നാണ് ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനിായി പരമാധികാരമുള്ള ഒരു പ്രത്യേക അന്വേഷണ കമ്മീഷന് അദ്ദേഹം രൂപം നൽകിയിട്ടുണ്ട്. ഈ കമ്മീഷന് രാഷ്ട്രീയ സമ്മർദങ്ങൾക്കതീതമായി ആരുടെയും വസതികളിൽ റെയ്ഡ് നടത്താനും അറസ്റ്റ് ചെയ്യാനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇറാഖിന്റെ ചരിത്രത്തിൽ ഇത്രയും ശക്തമായ ഒരു റെയ്ഡ് ആദ്യമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പുതിയ പ്രധാനമന്ത്രിയുടെ അതിശക്തമായ അഴിമതി വിരുദ്ധ നിലപാടിനെ പൊതുജനങ്ങൾ വലിയ തോതിൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘അൽ ജസീറ’ ഇതിന്റെ പ്രായോഗികതയെയും ആഴത്തെയും കുറിച്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇറാഖിലെ അഴിമതി വെറുമൊരു വ്യക്തിഗത പ്രശ്‌നമല്ല, മറിച്ച് അതൊരു വ്യവസ്ഥാപിത പ്രതിഭാസമാണെന്ന് അൽ ജസീറ ചൂണ്ടിക്കാണിക്കുന്നു.
2003-ലെ യു.എസ് അധിനിവേശത്തിന് ശേഷം ഇറാഖിൽ നിലവിൽ വന്ന അധികാര പങ്കാളിത്ത വ്യവസ്ഥയാണ് ‘മുഹാസസ’ സമ്പ്രദായം. ഇതനുസരിച്ച് രാജ്യത്തെ വിവിധ വംശീയ-മതവിഭാഗങ്ങൾക്ക് (ഷിയാ, സുന്നി, കുർദ്) ജനസംഖ്യാ ആനുപാതികമായി സർക്കാർ മന്ത്രാലയങ്ങളും അധികാരങ്ങളും വിഭജിച്ചു നൽകുന്നു. ഇത് ഓരോ വിഭാഗത്തിനും സ്വന്തം മന്ത്രാലയങ്ങളെ അഴിമതി നടത്താനും തങ്ങളുടെ അനുയായികൾക്ക് പണം എത്തിക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റാൻ അവസരമൊരുക്കി. ഈ വ്യവസ്ഥിതി മാറ്റാതെ അഴിമതി പൂർണമായി തുടച്ചുനീക്കാനാകില്ല.
മറ്റൊരു പ്രതിസന്ധി സായുധ ഗ്രൂപ്പുകളുടെ സ്വാധീനമാണ്. ഇറാഖിലെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായി ശക്തമായ സായുധ മിലിഷ്യകളുണ്ട്. ഈ മിലിഷ്യകളുടെ തലവന്മാരിലേക്ക് അന്വേഷണം നീളുമ്പോൾ പ്രധാനമന്ത്രിക്ക് അതിനെ എത്രത്തോളം പ്രതിരോധിക്കാൻ കഴിയുമെന്നത് വലിയ ചോദ്യചിഹ്നമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ രാജ്യം വീണ്ടുമൊരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
ഇറാഖ് അഴിമതി റെയ്ഡ്: പ്രതിസന്ധികൾ എന്തൊക്കെ?
ഇപ്പോൾ നടക്കുന്നത് ചില ജനപ്രതിനിധികളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും, രാജ്യത്തെ യഥാർത്ഥത്തിൽ നിയന്ത്രിക്കുന്ന വലിയ രാഷ്ട്രീയ നേതാക്കളിലേക്ക് കൈവെക്കാൻ പുതിയ പ്രധാനമന്ത്രിക്ക് ഇനിയും ധൈര്യമുണ്ടായിട്ടില്ലെന്നും വിമർശകർ ആരോപിക്കുന്നുമുണ്ട്.
അഴിമതിക്കെതിരെയുള്ള നിയമനടപടികൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്നാണ് പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കൂടുതൽ എംപിമാരും മുൻ മന്ത്രിമാരും നിരീക്ഷണത്തിലാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനുമുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പിടിച്ചെടുത്ത ശതകോടികളുടെ പണവും സ്വർണ്ണവും രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് കണ്ടുകെട്ടുമെന്നും അവ ജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റെയ്ഡ് വാർത്തകൾ പുറത്തുവന്നതോടെ പുതിയ പ്രധാനമന്ത്രിക്ക് ജനങ്ങൾക്കിടയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.