21/07/2026
[fontresizer_tawhidurrahmandear_widget]

‘ഏഷ്യയിലെ പ്ലൈവുഡ് കാപ്പിറ്റലാണ് പെരുമ്പാവൂർ, ഓപ്പറേഷൻ തൂഫാനിലൂടെ ആ പേര് തിരിച്ചുപിടിക്കും’;ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 ‘ഏഷ്യയിലെ പ്ലൈവുഡ് കാപ്പിറ്റലാണ് പെരുമ്പാവൂർ, ഓപ്പറേഷൻ തൂഫാനിലൂടെ ആ പേര് തിരിച്ചുപിടിക്കും’;ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പെരുമ്പാവൂർ: ഏഷ്യയിലെ പ്ലൈവുഡ് കാപ്പിറ്റലാണ് പെരുമ്പാവൂരെന്നും ഓപ്പറേഷൻ തൂഫാനിലൂടെ ആ പേര് തിരിച്ചുപിടിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരിമാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനമെന്ന കുപ്രസിദ്ധിയിലേക്ക് മാറുന്നത് തടയുമെന്നും ലഹരി വ്യാപനത്തിൽ അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ചില മലയാളികൾക്കും ഇതിൽ പങ്കുണ്ടെന്നും മന്ത്രി തുറന്നടിച്ചു. ലഹരിവിൽപന നിർത്തിയില്ലെങ്കിൽ കുറ്റവാളികൾക്ക് പിടിവീഴുമെന്നും മരണത്തിന്റെ വ്യാപാരികളെ കർശനമായി നിലക്കുനിർത്തുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.

ഇതിന്റെ ഭാഗമായി ലഹരിവേട്ട കൂടുതൽ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ദൗത്യത്തിനായി കൂടുതൽ വാഹനങ്ങളും ജീവനക്കാരും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് സേനയ്ക്ക് ഒരുക്കും. കൂടാതെ, അന്തർസംസ്ഥാന ലഹരി ശൃംഖലകളെ തകർക്കാൻ കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.

പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലിയിൽ ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും വിദ്യാർത്ഥികളും അടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തുടർന്ന് കുട്ടികളും മുതിർന്നവരും അതിഥി തൊഴിലാളികളും ഒരേ മനസ്സോടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ‘തൂഫാൻ വാറിയേഴ്‌സ്’ ആയി മാറി. കേരളത്തിന്റെ തെരുവുകളിലൂടെ അമ്മ പെങ്ങന്മാർക്ക് ഭയമില്ലാതെ സുഗമമായി നടക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും ഈ വലിയ ജനകീയ പോരാട്ടത്തിൽ പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്നും ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു.

Also read: