എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു | Kasaragod Amina Nuz death
കാസർകോട്: എലിവിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി(Kasaragod Amina Nuz death). കാസർകോട് കൂഡ്ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്.എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂൺ 25-നാണ് ആമിന നുസിനെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ ഉടൻ തന്നെ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആമിന നുസ് നേരത്തെ തന്നെ ചികിത്സയിലായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത മനോവിഷമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക സൂചനകൾ. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. കടുത്ത മാനസിക ബുദ്ധിമുട്ടുകളോ വിഷാദമോ അനുഭവപ്പെടുമ്പോൾ ഒരു നിമിഷത്തെ തോന്നലിൽ ജീവിതം അവസാനിപ്പിക്കാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെട്ട് സഹായം തേടാവുന്നതാണ്.