22/07/2026
[fontresizer_tawhidurrahmandear_widget]

പഴങ്ങളും പച്ചക്കറികളും വില്ലനായോ? മിഷിഗണില്‍ ഭീതിവിതച്ച് സൈക്ലോസ്‌പോറ; റെക്കോർഡ് പരാദബാധയില്‍ 1000-ഓളം പേര്‍ക്ക് രോഗം

 പഴങ്ങളും പച്ചക്കറികളും വില്ലനായോ? മിഷിഗണില്‍ ഭീതിവിതച്ച് സൈക്ലോസ്‌പോറ; റെക്കോർഡ് പരാദബാധയില്‍ 1000-ഓളം പേര്‍ക്ക് രോഗം

ന്യൂയോർക്ക്: മിഷിഗൺ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാദബാധ റിപ്പോർട്ട് ചെയ്തു. വയറിളക്കത്തിന് കാരണമാകുന്ന ‘സൈക്ലോസ്പോറ’ എന്ന സൂക്ഷ്മ പരാദബാധ ഏകദേശം ആയിരം പേരെ ബാധിച്ചതായാണ് വിവരം. സമീപവർഷങ്ങളിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ സൈക്ലോസ്പോറ രോഗബാധകളിലൊന്നാണിത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗവ്യാപനം ആശങ്കയുയർത്തുന്നുണ്ട്.

ജൂൺ 22 മുതൽ മിഷിഗണിന്റെ തെക്കുകിഴക്കൻ ഭാഗത്ത് 170-ലധികം കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അയൽസംസ്ഥാനമായ ഒഹായോയിലെ ലൂക്കാസ് കൗണ്ടിയിൽ 306 കേസുകളും വടക്കുപടിഞ്ഞാറൻ ഒഹായോയിൽ അഞ്ഞൂറിലധികം അണുബാധകളും റിപ്പോർട്ട് ചെയ്തതായി എപി വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് മിഷിഗൺ ചീഫ് മെഡിക്കൽ എക്സിക്യൂട്ടീവ് ഡോ. നതാഷ ബാഗ്ദാസേറിയൻ അറിയിച്ചു.

പതിവ് ഭക്ഷ്യവിഷബാധ പരിശോധനകളിൽ ഈ പരാദത്തെ കണ്ടെത്താൻ കഴിയാത്തതിനാൽ, യഥാർത്ഥ രോഗബാധിതരുടെ എണ്ണം ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സൈക്ലോസ്പോറ ലബോറട്ടറികളിൽ വളർത്താൻ കഴിയില്ലെന്നത് മലിനമായ ഭക്ഷണസ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കുന്ന ഗവേഷകർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

എന്താണ് സൈക്ലോസ്പോറ?

മനുഷ്യന്റെ കുടലുകളെ ബാധിക്കുന്ന ഒരു സൂക്ഷ്മ പരാദമാണിത്. ചൂടുള്ള വസന്തകാല, വേനൽക്കാല മാസങ്ങളിലാണ് ഈ രോഗബാധ സാധാരണയായി കാണപ്പെടുന്നത്. മനുഷ്യവിസർജ്ജ്യം കലർന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് ഇത് പടരുന്നത്. മുൻകാലങ്ങളിൽ മലിനമായ ജലസേചന വെള്ളം വഴിയും ഇലക്കറികൾ, ഔഷധസസ്യങ്ങൾ, പഴങ്ങൾ എന്നിവയിലൂടെയുമാണ് രോഗം പടർന്നിട്ടുള്ളത്.

സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത് അനുസരിച്ച്, ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ഇതിന് ചികിത്സ നൽകുന്നത്. ഇത് അപൂർവ്വമായി മാത്രമേ ജീവന് ഭീഷണിയാകാറുള്ളൂ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വയറിളക്കം അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടുകയും സൈക്ലോസ്പോറ സാധ്യതയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയും വേണം. പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുൻപ് നന്നായി കഴുകാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു. എന്നാൽ കഴുകുന്നത് കൊണ്ട് മാത്രം പരാദത്തെ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Also read: