21/07/2026
[fontresizer_tawhidurrahmandear_widget]

ഗ്രൗണ്ടിൽ ഫുട്ബോൾ ഗോട്ട്, ഗാലറിയിൽ മലയാളത്തിന്റെ ഗോട്ട്; അർജന്റീനയുടെ ആവേശവിജയത്തിന് സാക്ഷിയായി മോഹൻലാലും

 ഗ്രൗണ്ടിൽ ഫുട്ബോൾ ഗോട്ട്, ഗാലറിയിൽ മലയാളത്തിന്റെ ഗോട്ട്; അർജന്റീനയുടെ ആവേശവിജയത്തിന് സാക്ഷിയായി മോഹൻലാലും

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം നേരിൽ കാണാൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഗാലറിയിൽ. അമേരിക്കയിലെ കെൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് അദ്ദേഹം മത്സരം കാണാനെത്തിയത്. സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന മികച്ച വിജയം സ്വന്തമാക്കിയ ഈ ആവേശകരമായ മത്സരത്തിന് സാക്ഷിയാകാൻ എത്തിയ താരത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ അലക്‌സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടറോ മാർട്ടിനസ് എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്.

അർജന്റീനയുടെ കുപ്പായമണിഞ്ഞാണ് മോഹൻലാൽ ഗാലറിയിലെത്തിയത്. താടിവടിച്ച് മീശ നീട്ടിവളർത്തിയ, തന്റെ പുതിയ ചിത്രമായ ‘അതിമനോഹരം’ എന്ന സിനിമയിലെ ലുക്കിലാണ് അദ്ദേഹം സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്. മത്സരത്തിന് മുന്നോടിയായി താരങ്ങൾ ഗ്രൗണ്ടിൽ വാം അപ്പ് ചെയ്യുന്നത് മൊബൈൽ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും, സ്റ്റേഡിയത്തിന് പുറത്തുവെച്ച് ആരാധകർക്കൊപ്പം എടുത്ത ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

അർജന്റീന ഫുട്ബോൾ ടീമിനോടുള്ള തന്റെ കടുത്ത ആരാധന മോഹൻലാൽ മുൻപും പലതവണ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസി സ്വന്തം കൈപ്പടയിൽ ‘ലാലേട്ടൻ’ എന്ന് എഴുതി ഒപ്പിട്ട പത്താം നമ്പർ ജേഴ്സി ലഭിച്ചതിന്റെ അതിയായ സന്തോഷം അദ്ദേഹം നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മെസി ജേഴ്സിയിൽ പേരെഴുതുന്നതിന്റെ വീഡിയോയും അന്ന് മോഹൻലാൽ പുറത്തുവിട്ടിരുന്നു. കൂടാതെ, 2022-ൽ ഖത്തറിൽ അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും വലിയ രീതിയിലുള്ള ആഘോഷങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഈ ലോകകപ്പിലും തന്റെ പ്രിയ ടീമിന്റെ വിജയക്കുതിപ്പ് നേരിട്ട് കാണാൻ എത്തിയ മോഹൻലാലിനെ വലിയ ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകരും സിനിമാപ്രേമികളും ഏറ്റെടുത്തിരിക്കുന്നത്.

Also read: