22/07/2026
[fontresizer_tawhidurrahmandear_widget]

‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് കെ.ടി ജലീൽ

 ‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് കെ.ടി ജലീൽ

പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ മുൻ മന്ത്രി കെ.ടി ജലീൽ കുട്ടികളെ പരസ്യമായി ശാസിച്ചതായി പരാതി. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവം ഉദ്ഘാടനം ചെയ്യവേയായിരുന്നു സംഭവം.

ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും മേൽവിലാസവും എഴുതാൻ ജലീൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ അക്ഷരത്തെറ്റ് വരുത്തിയ കുട്ടികളോട് ‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’ എന്ന് അദ്ദേഹം സദസ്സിനെ സാക്ഷിയാക്കി ചോദിച്ചു. തുടർന്ന് കുട്ടികളുടെ തെറ്റുകൾ തിരുത്തിയ മുൻ മന്ത്രി, ഒരു വിദ്യാർഥിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർധിപ്പിക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം ചടങ്ങിൽ ഉപദേശിച്ചു. കൂടാതെ ‘സംസം’, ‘പാത്തുമ്മയുടെ ആട്’ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അദ്ദേഹം കുട്ടികളോട് ചോദിച്ചു.

അതേസമയം, വിദ്യാർഥികളെ പരസ്യമായി അപമാനിക്കുകയും കായികമായി ഉപദ്രവിക്കുകയും ചെയ്ത കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. ജലീലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് കടുത്ത ബാലാവകാശ ലംഘനമാണെന്നും എംഎസ്എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് വ്യക്തമാക്കി.

Also read: