21/07/2026
[fontresizer_tawhidurrahmandear_widget]

‘സിസിടിവികൾ നശിപ്പിച്ചു, ഇന്റർനെറ്റ് വിച്ഛേദിച്ചു, മെട്രോ സ്‌റ്റേഷൻ കവാടങ്ങൾ അടച്ചുപൂട്ടി’; സിജെപി പാർലമെന്റ് മാർച്ച്: അധികൃതർ എടുത്ത മുൻകരുതലുകളുടെ റിപ്പോർട്ട് പുറത്ത്

 ‘സിസിടിവികൾ നശിപ്പിച്ചു, ഇന്റർനെറ്റ് വിച്ഛേദിച്ചു, മെട്രോ സ്‌റ്റേഷൻ കവാടങ്ങൾ അടച്ചുപൂട്ടി’; സിജെപി പാർലമെന്റ് മാർച്ച്: അധികൃതർ എടുത്ത മുൻകരുതലുകളുടെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ സിജെപി നടത്തിയ മാർച്ചിന് മുന്നോടിയായി പ്രതിഷേധകരെയും വാർത്തകളെയും നിയന്ത്രിക്കാൻ അധികൃതർ നടത്തിയ മുന്നൊരുക്കങ്ങളുടെ റിപ്പോർട്ട് പുറത്ത്.
പതിനായിരക്കണക്കിന് വിദ്യാർത്ഥികളും പ്രക്ഷോഭകരും തടിച്ചുകൂടിയ പ്രതിഷേധ സ്ഥലത്ത് വാർത്തകൾ പുറത്തുപോകുന്നത് തടയാനായി ഇന്റർനെറ്റ് സേവനങ്ങളും സി.സി.ടി.വി ക്യാമറകളും അധികൃതർ വിച്ഛേദിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ജനപഥ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങി പ്രധാന മെട്രോ സ്‌റ്റേഷൻ കവാടങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടുകയും ഗതാഗതം തടയുകയും ചെയ്തു.

നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രക്ഷോഭകർക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർ.എ.എഫ്) ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ശാസ്ത്രി ഭവന് സമീപവും ജന്തർ മന്തറിലും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ ചിതറിച്ചു. പ്രക്ഷോഭകരെ പോലീസും റാപ്പിഡ് ഫോഴ്‌സും രൂക്ഷമായി അക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

എന്നാൽ അക്രമ സംഭവങ്ങളോ അമിത ബലപ്രയോഗമോ ഉണ്ടായിട്ടില്ലെന്നും സാഹചര്യം പ്രൊഫഷണലായി കൈകാര്യം ചെയ്തുവെന്നുമാണ് ഡൽഹി പൊലീസിന്റെ ഔദ്യോഗിക പ്രതികരണം. ഇതിനിടെ കഴിഞ്ഞ 22 ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രതിപക്ഷ എം.പിമാർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയർത്തുകയും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രക്ഷോഭത്തിനെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ക്രൂരമായി മർദിച്ചതായി പരാതികളുണ്ട്.

Also read: