പോലീസ് ഒഴിപ്പിച്ച സമരകേന്ദ്രം തിരിച്ചുപിടിച്ചു, പിന്നോട്ടില്ലെന്ന് സിജെപി; ഇന്നും പാർലമെന്റിലേക്ക് മാർച്ച്
ന്യൂഡൽഹി: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സി.ജെ.പി. പ്രക്ഷോഭത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് ഇന്ന് വീണ്ടും മാർച്ച് നടത്താനാണ് പ്രവർത്തകരുടെ തീരുമാനം. കഴിഞ്ഞ ദിവസം പോലീസ് ബലമായി ഒഴിപ്പിച്ച ജന്തർ മന്തറിലെ സമരവേദി പ്രക്ഷോഭകർ വീണ്ടും തിരിച്ചുപിടിക്കുകയും സമരം പുനരാരംഭിക്കുകയും ചെയ്തു.
എന്നാൽ, മാർച്ച് തടയുന്നതിനായി തലസ്ഥാനത്ത് സുരക്ഷ കടുപ്പിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ജന്തർ മന്തറിലും പാർലമെന്റിലേക്ക് എത്തുന്ന പ്രധാന വഴികളിലും ബാരിക്കേഡുകൾ ഉയർത്തി വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ഡൽഹി പൊലീസിന് പുറമെ കേന്ദ്ര സായുധ സേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് മാർച്ചിൽ പോലീസ് അതിക്രൂരമായാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സമരം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തലസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിതുറക്കുന്നത്.
പോലീസ് ആക്രമണത്തിൽ പരിക്കേറ്റ 20 വയസുകാരി ഗുരുതരാവസ്ഥയിലാണ്. പ്രതിഷേധത്തിൽ പോലീസിന് നേരെയുണ്ടായ കല്ലേറിൽ കണ്ടാൽ അറിയാവുന്നവർക്ക് നേരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരടക്കം 160 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.