‘ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രം തയാർ’; പരിക്കേറ്റവരോട് ക്ഷമ ചോദിച്ച് അഭിജീത് ദീപ്കെ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രസർക്കാർ തയാറാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും പരിക്കേറ്റ വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രസ്താവന.
“ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡൽഹി പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമായിരുന്നു. 20ലധികം വിദ്യാർഥികളുടെ മരണത്തിന് കാരണമായ ഒരു ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ, നിരവധി വിദ്യാർഥികളുടെ രക്തം ചിന്താനും സർക്കാർ തയാറാണ്. പരിക്കേറ്റവർ ഇത് കാണുന്നുണ്ടെങ്കിൽ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം,” – അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തോട് അനുബന്ധിച്ച് സി.ജെ.പി ആഹ്വാനം ചെയ്ത ചലോ സൻസദ് മാർച്ച് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ 118 പൊലീസുകാർക്കും 60ലേറെ പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കലാപശ്രമം, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രക്ഷോഭകർക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം.
അതേസമയം, സമാധാനപരമായി നീങ്ങിയ മാർച്ചിൽ പൊലീസ് അമിതബലം പ്രയോഗിക്കുകയായിരുന്നുവെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിനിടെ ജന്തർ മന്തറിലെ സമരപ്പന്തൽ പൊലീസ് തകർത്തിരുന്നെങ്കിലും, ചൊവ്വാഴ്ച പുലർച്ചെയോടെ സി.ജെ.പി പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തി പന്തൽ പുനസ്ഥാപിച്ചു. പ്രക്ഷോഭം ശക്തമാക്കാൻ പാർട്ടി ആഹ്വാനം ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ജന്തർ മന്തറിലേക്ക് വീണ്ടും ആളുകൾ ഒഴുകിയെത്തുന്നുണ്ട്. പ്രദേശത്ത് വൻ പൊലീസ്-സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച, സി.ജെ.പിയുടെ ചലോ സൻസദ് മാർച്ചിലേക്ക് കണക്കുകൂട്ടലുകൾ തെറ്റിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. സമരക്കാർ പാർലമെന്റിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിന് പുറമെ നഗരത്തിലെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു.
പൊലീസ് നടപടിയും ശക്തമായ മഴയും അവഗണിച്ച് പ്രക്ഷോഭകർ രാത്രി വൈകിയും സമരം തുടർന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ വീഡിയോകളും പരിശോധിച്ച് വരികയാണെന്നും അക്രമത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായെങ്കിലും പ്രക്ഷോഭകരുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചില്ല.
കഴിഞ്ഞ ജൂൺ 20നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം ആരംഭിച്ചത്. പിന്നാലെ ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാരം തുടങ്ങി. പ്രക്ഷോഭം തുടരുന്നതിനിടെ വാങ്ചുക്കിന്റെ ആരോഗ്യം മോശമാവുകയും സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രോഷം ഉയരുകയും ചെയ്തതോടെ, ജൂലൈ 18ന് ഡൽഹി പൊലീസ് നാടകീയമായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രി കിടക്കയിലും അദ്ദേഹം നിരാഹാര സമരം തുടരുകയാണ്. വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ അഭിജിത് ദീപ്കെ സമരവേദിയിൽ നേരിട്ട് നിരാഹാരം ആരംഭിച്ചിട്ടുണ്ട്.