ഒറ്റയടിക്ക് 50% താരിഫ് ഷോക്ക്; കാനഡയുടെ ‘കാട്ടുതീ’യിൽ കലിതുള്ളി ട്രംപ്; ഇന്ത്യയടക്കം മറ്റു രാജ്യങ്ങൾക്ക് മുന്നറിയിപ്പോ?
വാഷിങ്ടൺ: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് യുദ്ധം കടുപ്പിക്കുന്നു. കഴിഞ്ഞയാഴ്ച ബ്രസീലിന് മേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ, ഇപ്പോൾ അയൽരാജ്യമായ കാനഡയ്ക്ക് മേൽ ഒറ്റയടിക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങൾ, മദ്യം, ക്ഷീരോൽപന്നങ്ങൾ തുടങ്ങിയ സുപ്രധാന അമേരിക്കൻ ഉൽപന്നങ്ങൾക്ക് കാനഡയിൽ നിന്ന് മതിയായ തീരുവാനുകൂല്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാനഡയിൽ നിന്നുള്ള ഇതേ ഉൽപന്നങ്ങൾക്കും ഈ തീരുവ ബാധകമായിരിക്കും.
1930-ലെ താരിഫ് ആക്ട് സെക്ഷൻ 338 പ്രകാരമാണ് പുതിയ തീരുവ പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയോട് വിവേചനം കാണിക്കുന്ന രാജ്യങ്ങൾക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന, വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ചട്ടമാണിത്. നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ട്രംപ് കൊണ്ടുവന്ന പകരംതീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇത് ട്രംപിന് കനത്ത തിരിച്ചടിയായെങ്കിലും, മറ്റ് ചട്ടങ്ങളുടെ മറവിൽ അദ്ദേഹം തീരുവ വീണ്ടും കൊണ്ടുവന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60-ഓളം രാജ്യങ്ങൾക്കെതിരെ ട്രംപ് അടുത്തിടെ സെക്ഷൻ 301 പ്രകാരം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, കാനഡയ്ക്ക് മേലുള്ള നടപടി മറ്റ് രാജ്യങ്ങൾക്കുമുള്ള ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് പ്രത്യേക ഉത്തരവുകളിലൂടെയാണ് കാനഡയ്ക്ക് മേൽ ട്രംപ് താരിഫ് പ്രയോഗിച്ചിരിക്കുന്നത്. വാഹനം, മദ്യം, പാൽ ഉൽപന്നങ്ങൾ എന്നിവയ്ക്ക് പുറമെ സിമന്റ്, ഹോക്കി സ്റ്റിക്ക് തുടങ്ങി നിരവധിയേറെ ഉൽപന്നങ്ങൾക്ക് പുതിയ തീരുവ ബാധകമാണ്. നിലവിലെ യുഎസ്-മെക്സിക്കോ-കാനഡ കരാർ പ്രകാരം ഇളവ് ലഭിച്ചിരുന്ന ഉൽപന്നങ്ങളെപ്പോലും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അമേരിക്കയ്ക്ക് ഏറെ നിർണായകമായ ഊർജോൽപന്നങ്ങൾ, മത്സ്യം, പൊട്ടാഷ്, അപൂർവ മൂലകങ്ങൾ എന്നിവയെ അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാനഡയിൽ അമേരിക്കൻ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ട്രംപിന് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്നാണ് കാനഡയിലെ പൊതുവികാരം.
അടുത്തിടെ കാനഡയിലെ വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലുണ്ടായ കാട്ടുതീ അമേരിക്കയിൽ വലിയ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിക്കുകയും, കാനഡയ്ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാനഡയുടെ ‘കാട്ടുതീയിൽ’ കലിതുള്ളിയാണ് ട്രംപ് പുതിയ താരിഫ് കൊണ്ടുവന്നതെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, നിലവിലെ താരിഫ് പ്രഖ്യാപനവും കാട്ടുതീയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യു.എസ് ഗവൺമെന്റ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
‘മെസിയുടെ വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു, അയാൾ വഞ്ചകനായ...
3 hours ago