‘പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ അനുമതി നൽകിയത് ആരാണ്? സിവിൽ വേഷത്തിലെത്തി വിദ്യാർഥികളെ തല്ലിച്ചതച്ചവർ പോലീസുകാരോ?’; അമിത് ഷായോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധിയുടെ കത്ത്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി പോലീസിന്റെ ക്രൂരമായ മർദ്ദനത്തിന്റെയും മാരകായുധങ്ങൾ ഉപയോഗിച്ചതിന്റെയും ഉത്തരവാദിത്തം ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഏറ്റെടുക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർഥി സമരത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ സുപ്രധാന ഇടപെടൽ.
രാഹുൽ ഗാന്ധി ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ:
ഡൽഹിയിലെ സുരക്ഷാസേനയുടെ പൂർണ്ണ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രിക്കാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് സുപ്രധാന ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി കത്തിൽ ഉന്നയിച്ചിരിക്കുന്നത്:
- ആഭ്യന്തരമന്ത്രി എന്ന നിലയിൽ, വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകമായ ശക്തി ഉപയോഗിക്കാൻ നിങ്ങൾ അനുമതി നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ, ആരാണ് നൽകിയത്?
- സിവിൽ വസ്ത്രം ധരിച്ച് വിദ്യാർത്ഥികളെ ലാത്തികൊണ്ട് തല്ലുന്നതായി കാണുന്ന ആളുകൾ പോലീസ് ഉദ്യോഗസ്ഥരാണോ അതോ വളണ്ടിയർമാരാണോ? അവരെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയത്?’.
ജനാധിപത്യസംവിധാനങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ പ്രധാനമാണെന്നും ഇതിനെതിരായ അക്രമങ്ങൾ പ്രകോപനപരമാണെന്നും ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.
നീതിക്കും സുതാര്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. എന്നാൽ അവരുടെ ശബ്ദം കേൾക്കുന്നതിന് പകരം കണ്ണീർ വാതകവും മാരകായുധങ്ങളും ഉപയോഗിച്ചാണ് സുരക്ഷാസേന അവരെ നേരിട്ടത്.
നൂറുകണക്കിന് വിദ്യാർഥികൾക്കാണ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. പെൺകുട്ടികളെ പോലീസ് ക്രൂരമായി ആക്രമിക്കുകയും അവരുടെ സ്വകാര്യഭാഗങ്ങൾ ബോധപൂർവം ലക്ഷ്യമിടുകയും ചെയ്തുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. പെല്ലറ്റ് ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വെടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള പത്തൊൻപതുകാരൻ സാഹിലിനെ താൻ സന്ദർശിച്ചതായും രാഹുൽ കത്തിൽ വ്യക്തമാക്കി.
ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വലിയ സ്ഥാനമുണ്ടെന്നും, അതിനെതിരെയുള്ള അക്രമങ്ങൾ തികച്ചും പ്രകോപനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ.പി നേതാക്കളുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നലെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. തുടക്കത്തിൽ രാജി വെക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്രവും പ്രധാനും. എന്നാൽ ജന്തർ മന്തറിൽ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി ആഞ്ഞടിച്ചതോടെ കേന്ദ്രസർക്കാരിന് വഴങ്ങേണ്ടി വന്നു.
ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങൾ തൃപ്തികരമായിരുന്നു എന്നാണ് ധർമേന്ദ്ര പ്രധാൻ തന്റെ രാജിക്കത്തിൽ അവകാശപ്പെടുന്നത്. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്നും, ജന്തർ മന്തറിലടക്കം ഉടലെടുത്ത പ്രതിഷേധങ്ങൾ രാഷ്ട്രവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് താൻ രാജിവെക്കുന്നതെന്നുമാണ് അദ്ദേഹം കത്തിൽ പറയുന്നത്.