27/07/2026
[fontresizer_tawhidurrahmandear_widget]

കാശെറിഞ്ഞു, ഒടുവിൽ കടത്തിൽ മുങ്ങി അൽ നസ്‌ർ! റൊണാൾഡോയുടെ പ്രതിഫലം വില്ലനായി; ക്ലബ്ബിന്റെ കടബാധ്യത 2056 കോടി

 കാശെറിഞ്ഞു, ഒടുവിൽ കടത്തിൽ മുങ്ങി അൽ നസ്‌ർ!  റൊണാൾഡോയുടെ പ്രതിഫലം വില്ലനായി; ക്ലബ്ബിന്റെ കടബാധ്യത 2056 കോടി

റിയാദ്: സൗദി പ്രോ ലീഗ് നിലവിലെ ചാമ്പ്യന്മാരായ അൽ നസർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ക്ലബ്ബിന്റെ മൊത്തം കടം 800 ദശലക്ഷം സൗദി റിയാൽ അഥവാ ഏകദേശം 2056 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ ക്ലബ്ബിന്റെ വരുമാനത്തേക്കാൾ കൂടുതൽ തുക വലിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനായി വാരിയെറിഞ്ഞതാണ് ഈ വമ്പൻ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടെ അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കഴിഞ്ഞ സീസണിന് മുൻപ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ നസർ ഉണ്ടാക്കിയ റെക്കോർഡ് കരാറാണ് ക്ലബ്ബിനെ സാമ്പത്തികമായി ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഏകദേശം 1931 കോടി രൂപയാണ് (200 ദശലക്ഷം ഡോളർ) താരത്തിന് വാർഷിക പ്രതിഫലമായി ക്ലബ്ബ് നൽകുന്നത്. ഈ കൂറ്റൻ ശമ്പളവും മറ്റ് വമ്പൻ താരങ്ങളെ ടീമിലെത്തിക്കാൻ എടുത്ത തീരുമാനങ്ങളും ക്ലബ്ബിന് വലിയ സാമ്പത്തിക ഭാരമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്പാനിഷ് ക്ലബ്ബ് മയ്യോർക്കയിൽ നിന്നും സാമു കോസ്റ്റയെ സ്വന്തമാക്കാനുള്ള നീക്കം അൽ നസറിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കൂടാതെ സ്വന്തം ടീമിലെ വിങ്ങറായ അബ്ദുൽറഹ്മാൻ ഗരീബുമായുള്ള കരാർ പുതുക്കുന്ന ചർച്ചകളും ഇതുമൂലം വൈകുകയാണ്.

പുതിയ സീസണിലേക്ക് ടോട്ടനത്തിന്റെ മുൻ പരിശീലകൻ ആൻഗെ പോസ്റ്റെകോഗ്ലുവിനെ അൽ നസർ പരിശീലകനായി എത്തിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പുതിയ താരങ്ങളെ വാങ്ങാൻ കഴിയാത്തത് അദ്ദേഹത്തിനും വലിയ തിരിച്ചടിയാകും. സൗദിയിലെ നാല് മുൻനിര ക്ലബ്ബുകളുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കൈകളിലാണ് അൽ നസറിന്റെ 75 ശതമാനം ഓഹരികളും ഉള്ളത്. പ്രതിസന്ധി മറികടക്കാൻ പി.ഐ.എഫ് മൂന്ന് ഘട്ടങ്ങളുള്ള ഒരു വീണ്ടെടുക്കൽ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ലബ്ബ് മാനേജ്മെന്റിന്റെ സാമ്പത്തിക അധികാരങ്ങൾ വെട്ടിച്ചുരുക്കി. ക്ലബ്ബിന് സ്വയം പര്യാപ്തമായ വരുമാനം കണ്ടെത്തുന്നത് വരെ പുതിയ താരങ്ങളെ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിനും വാണിജ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സാമ്പത്തിക, വാണിജ്യ, നിയമ ഉപദേഷ്ടാക്കളെ നിയമിക്കാനും പി.ഐ.എഫ് പദ്ധതിയിടുന്നുണ്ട്.

ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം കൈമാറാതെ തന്നെ ചെറിയൊരു ശതമാനം ഓഹരികൾ വിൽക്കാനും പി.ഐ.എഫ് തയ്യാറെടുക്കുന്നുണ്ട്. നിലവിൽ രണ്ട് നിക്ഷേപകരുടെ ഓഫറുകൾ അവരുടെ പരിഗണനയിലുമുണ്ട്. ഇതിനിടെ അൽ നസറിന്റെ പ്രധാന എതിരാളികളായ അൽ ഹിലാൽ തങ്ങളുടെ ചെറിയൊരു ശതമാനം ഓഹരികൾ കിങ്ഡം ഹോൾഡിങ് കമ്പനിക്ക് വിറ്റഴിച്ച് സാമ്പത്തിക നില കൂടുതൽ ഭദ്രമാക്കിയിട്ടുണ്ട്. പുതിയ സീസൺ ആരംഭിക്കാനിരിക്കെ, ക്ലബ്ബിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കുന്നതിനൊപ്പം തന്നെ കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ഇരട്ട വെല്ലുവിളിയാണ് അൽ നസറിനും പുതിയ പരിശീലകനും മുന്നിലുള്ളത്. റൊണാൾഡോ മികച്ച പ്രകടനം തുടരുന്നുണ്ടെങ്കിലും, സാമ്പത്തിക പ്രശ്നങ്ങൾ കാരണം പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കാത്തത് വരും സീസണിൽ ക്ലബ്ബിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

Also read: