27/07/2026
[fontresizer_tawhidurrahmandear_widget]

മുട്ട തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; യുവാവിന് രക്ഷകനായി സുഹൃത്ത് 

 മുട്ട തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; യുവാവിന് രക്ഷകനായി സുഹൃത്ത് 

കൊച്ചി: എം.ജി റോഡിലെ റെസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട തൊണ്ടയിൽ കുടുങ്ങി അപകടത്തിലായ യുവാവിനെ സുഹൃത്ത് രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ അനീഷിനാണ് ശ്വാസതടസ്സം നേരിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിൻ്റെ സമയോചിതമായ ഇടപെടൽ അനീഷിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും റെസ്റ്റോറൻ്റിൽ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ആദ്യത്തെ കഷ്ണം മുട്ട കഴിച്ച ഉടൻ തന്നെ അനീഷിന് സംസാരിക്കാൻ കഴിയാതാവുകയും ശ്വാസം മുട്ടുകയുമായിരുന്നു. അനീഷ് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കിയതോടെ അപകടം മനസ്സിലാക്കിയ മനേഷ് ഉടൻ തന്നെ ഇദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കുനിച്ചുനിർത്തി പുറത്ത് ശക്തമായി അടിച്ചു. ജീവനക്കാരും റെസ്റ്ററൻ്റ് ഉടമയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ മുട്ടയുടെ കഷ്ണം പുറത്തുവരികയും അനീഷ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ ആളുകൾ ശ്രദ്ധിക്കണമെന്ന സന്ദേശം നൽകുന്നതിനും, പ്രഥമ ശുശ്രൂഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് മനേഷ് വ്യക്തമാക്കി.

പ്രഥമ ശുശ്രൂഷ നൽകുമ്പോൾ ഓർക്കേണ്ടവ

  • മുതിർന്നവരിൽ: വ്യക്തിയുടെ പുറകിൽ നിന്ന് വയറിന്റെ മുകൾഭാഗത്തായി മുഷ്ടി ചുരുട്ടി വെച്ച്, മറ്റേ കൈകൊണ്ട് മുറുകെ പിടിച്ച് ഉള്ളിലേക്കും മുകളിലേക്കും ‘J’ ആകൃതിയിൽ അഞ്ചു തവണ ശക്തിയായി തള്ളുക. വസ്തു പുറത്തുവരുന്നതുവരെ ഇത് തുടരാം. പരാജയപ്പെടുകയോ വ്യക്തി അബോധാവസ്ഥയിലാവുകയോ ചെയ്താൽ ഉടൻ സിപിആർ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം.
  • രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ: കുട്ടിയെ കൈത്തണ്ടയിൽ കമഴ്ത്തിക്കിടത്തി തോളെല്ലുകൾക്ക് നടുവിൽ ശക്തിയായി അഞ്ചുതവണ അടിക്കുക. അബോധാവസ്ഥയിലായാൽ മലർത്തിക്കിടത്തി വിരലുകൾ ഉപയോഗിച്ച് അമർത്തി സിപിആർ നൽകണം.
  • രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളിൽ: മുതിർന്നവരിലേതുപോലെ വയറിന് മുകൾഭാഗത്തായി അമർത്തി പുറത്തേക്ക് തള്ളുന്ന രീതി ഉപയോഗിക്കാം.

Also read: