30/07/2026
[fontresizer_tawhidurrahmandear_widget]

‘സാബു ജേക്കബിന് 40 കോടി കിട്ടി, എന്‍റെ BMW ബൈക്ക് വരെ വിറ്റു, വർഗീയവാദിയായി ചിത്രീകരിച്ച് പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു’ -അഖിൽ മാരാർ

 ‘സാബു ജേക്കബിന് 40 കോടി കിട്ടി, എന്‍റെ BMW ബൈക്ക് വരെ വിറ്റു, വർഗീയവാദിയായി ചിത്രീകരിച്ച് പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു’ -അഖിൽ മാരാർ

അഖിൽ മാരാർ

കൊച്ചി: ട്വന്റി 20 പാർട്ടിക്കും സാബു ജേക്കബിനുമെതിരെ ഗുരുതര സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനെ തുടർന്ന് സാമ്പത്തികമായും വ്യക്തിപരമായും തനിക്ക് വലിയ നഷ്ടങ്ങളാണ് സംഭവിച്ചതെന്നും താൻ നേരിട്ട അവഗണനകൾക്കും അനാവശ്യ ആരോപണങ്ങൾക്കും ഇനി മറുപടി പറയേണ്ട ബാധ്യതയില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. മാർച്ച് 15-ന് തന്നെ മത്സരത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത അറിയിച്ച് സാബു ജേക്കബിന് സന്ദേശം അയച്ചിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ വലിയ തർക്കമുണ്ടായെന്നും അഖിൽ മാരാർ വെളിപ്പെടുത്തി.

ട്വന്റി 20-ക്ക് തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി സംഘടനാപരമായി പണം നൽകിയിട്ടുണ്ടെന്നും താനുൾപ്പെടെയുള്ള ജനപ്രിയ താരങ്ങളെ കൊണ്ടുവന്നത് കൂടുതൽ തുക ആവശ്യപ്പെടാനാണെന്നും അദ്ദേഹം ആരോപിച്ചു. പേളി മാണിയെപ്പോലെ തനിക്കും പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ നഷ്ടമായെന്നും ഇനിയും ഈ പ്രസ്ഥാനത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് സൗകര്യമില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

അഖിൽ മാരാരുടെ വാക്കുകൾ:

“മാർച്ച് 15നു തന്നെ പിൻമാറാനുള്ള സന്നദ്ധത കാണിച്ച് ഞാൻ സാബു ജേക്കബിന് സന്ദേശം അയച്ചിരുന്നു. ഇതുസംബന്ധിച്ച് ഞാൻ സാബു ജേക്കബുമായി സംസാരിച്ചു. വലിയ തർക്കമുണ്ടായി. നിങ്ങളെ വെടിവച്ചു കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യും എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ, പുള്ളിക്ക് പുള്ളിയുടെ കാര്യം മാത്രമാണ് പ്രധാനം. ട്വന്റി 20ക്ക് ഈ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സംഘടനാപരമായി പണം കൊടുത്തിട്ടുണ്ട്. ട്വന്റി 20 തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ മത്സരിച്ചത് കണക്കു പറഞ്ഞ് പൈസ വാങ്ങിക്കാനാണ്. ഞാനുൾപ്പെടെയുള്ള ആളുകളെ കൊണ്ടുവരുമ്പോൾ കൂടുതൽ പണം വാങ്ങാൻ പറ്റും. അതിൻ്റെ പഴി ഞാൻ കേൾക്കേണ്ട ആവശ്യമില്ല.

മറ്റു സ്ഥാനാർഥികളാരും ഈ വിഷയങ്ങൾ സ്വാഭാവികമായി ഉയർത്തിക്കൊണ്ടുവരേണ്ടതില്ല. എന്നെപ്പോലെ ഇതിന്റെ ബാധ്യതകൾ അനുഭവിക്കുന്നവരിൽ ഇനി അഞ്ജലി മാത്രമേയുള്ളൂ. മറ്റുള്ളവർക്ക് ഇതിൽ നഷ്ട‌പ്പെടാൻ ഒന്നുമില്ല, എന്നാൽ ഇതിൻ്റെ എല്ലാ നഷ്‌ടങ്ങളും പേറേണ്ടി വരുന്നത് ഞാനാണ്. പേളി മാണിക്ക് നാലു ലക്ഷം ഫോളോവേഴ്സ് പോയി എന്നു പറയുന്നു, എനിക്കും പത്ത് എഴുപതിനായിരം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിട്ടുണ്ട്. ബിഗ് ബോസിൽ പോകുമ്പോൾ എനിക്ക് ആയിരം ഫോളോവേഴ്സ‌് മാത്രമേ ഉണ്ടായിരുന്നുള്ളൂ; അത്രയും പേരുമായി പോയി ജയിച്ചു വന്നവനാണ് ഞാൻ. അതുകൊണ്ട് ഫോളോവേഴ്കോ നമ്മളെ ഇഷ്ട്‌ടപ്പെടുന്നവരോ ഒന്നും എൻ്റെ വിഷയമല്ല. പക്ഷേ, നമ്മളെ ഇഷ്ട്‌ടപ്പെടുന്നവർ നമ്മളെ തെറ്റിദ്ധരിച്ച് വെറുക്കേണ്ടി വരുന്ന ഒരു അവസ്‌ഥയുണ്ട്. എന്നെ ഒരു രാഷ്ട്രീയക്കാരനോ വർഗീയവാദിയോ ആയി ചിത്രീകരിച്ചുകൊണ്ട് പല പരിപാടികളിൽ നിന്നും ഒഴിവാക്കുകയാണ്. ദുബായിൽ പോയ സമയത്തും എനിക്ക് ഇതൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇതൊക്കെ കേൾക്കാൻ ഞാൻ തയാറാണ്. പക്ഷേ, ഇതിനൊക്കെ കാരണക്കാരനായ ഒരാൾ അപ്പുറത്ത് യാതൊരു മറുപടിയും തരാതെ, ഒരക്ഷരം മിണ്ടാതെ സുഖിച്ചു നിൽക്കുകയാണ്. നമ്മളെയൊന്ന് വിളിച്ചു സമാധാനിപ്പിക്കാനോ അടുത്ത കാര്യങ്ങൾ പറയാനോ അവർ തയ്യാറാകുന്നില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്തിനാണ് ഈ പഴിയൊക്കെ കേൾക്കുന്നത്? അഞ്ജലിക്കും ഇതേ അവസ്‌ഥ തന്നെയാണ് ഉള്ളത്.
അഞ്ജലി ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിട്ടുള്ളത്, പോകുന്നിടത്തെല്ലാം ഇതിൻ്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആളുകൾ ചോദിക്കുന്നുണ്ടെന്നാണ്. അഞ്ജലിക്കും ഇതിൽ നിന്ന് അഞ്ചു പൈസ പോലും ആരും നൽകിയിട്ടില്ല. തൃപ്പൂണിത്തുറയിൽ ചിലപ്പോൾ ഫ്ലക്‌സും പോസ്റ്റ‌റും അടിച്ചിട്ടുണ്ടാകാം; അതിൽ പലതും പ്രോപ്പർ ആയി ഒട്ടിക്കുകയോ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയോ ചെയ്‌തിട്ടില്ലെങ്കിലും അവർ അതിന്റെ പൈസ ചിലവാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ക്യാംപെയ്നുമായി ബന്ധപ്പെട്ട് ഞാൻ തുടക്കത്തിൽ ചെലവാക്കിയ പണം അവർ തന്നിരുന്നു. 20 20-ക്ക് വേണ്ടി എൻ്റെ കൂടെ പ്രവർത്തിക്കാൻ ഒരു മണ്ഡലത്തിൽ ഫുൾ ടൈമറായി രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കാക്കരയിൽ 20 20-യുടെ ഒരു കൗൺസിലർ ജയിച്ചിട്ടുണ്ടായിരുന്നു; അവർ ആദ്യം എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല. പിന്നീട് സംസാരിച്ച് പേരിനു കണ്ടതല്ലാതെ ഒരു ദിവസം പോലും അവർ നമുക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ല. പാർട്ടിക്ക് വേണ്ടി മത്സരിച്ച ഒരാൾ പോലും തിരഞ്ഞെടുപ്പിൽ നമ്മുടെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി ഓഫിസ് പോലുമില്ലായിരുന്നു. ഇൻ്റർവ്യൂ എടുക്കാൻ നിങ്ങളിൽ പലരും വന്നത് ഞാൻ താമസിച്ചിരുന്ന ഹോട്ടലിലായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എനിക്ക് വേണ്ടി വന്ന എന്റെ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും റൂമെടുത്ത് നൽകിയതും ഭക്ഷണവും വാഹനച്ചെലവുകളും നോക്കിയതും ഞാനാണ്. ഇതിന്റെ പൈസയൊക്കെ അവർ തന്നതല്ലാതെ, കണക്കെടുത്തു നോക്കിയാൽ അതിനേക്കാൾ കൂടുതൽ ഞാൻ ചെലവാക്കിയിട്ടുണ്ടാകും.

പിന്നെന്തിനാണ് ഞാൻ ഈ പഴികേൾക്കുന്നത്? ബെൻസിൽ നടക്കുന്ന ചെലവ് ഒഴിവാക്കാനാണ് ഞാൻ ഒരു ഇലക്ട്രിക് വാഹനം എടുത്തത്. എന്റെ അച്‌ഛന് കാൻസർ ആയതുകൊണ്ട് കൊച്ചിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരാറുണ്ട്. മുൻപൊക്കെ പ്രതിമാസം വൻ തുക പെട്രോളിനായി മാത്രം ചെലവാക്കേണ്ടി വന്നിരുന്നു, അത് ലാഭിക്കാനാണ് ഇലക്ട്രിക് വണ്ടി എടുത്തത്. അപ്പോൾ കേട്ട പഴി, ഇലക്ഷൻ ഫണ്ട് കിട്ടിയതുകൊണ്ടാണ് വണ്ടി എടുത്തതെന്നാണ്. ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ സമർപ്പിച്ച കണക്കുപ്രകാരം എനിക്ക് മൂന്ന് കോടി രൂപയുടെ സാമ്പത്തിക സ്രോതസ്സുണ്ട്. അത്യാവശ്യം സേവിങ്സ് ഉള്ള ആളാണ് ഞാൻ. പക്ഷേ, എൻ്റെ മക്കൾക്ക് വേണ്ടി മാറ്റിവച്ച ആ തുകയിപ്പോൾ ജീവിക്കാൻ വേണ്ടി എടുത്തു ചെലവഴിക്കേണ്ട അവസ്‌ഥയിലാണ് ഞാൻ. എന്നാൽ എവിടെച്ചെന്നാലും 20 20-ൽ നിന്ന് പണം കിട്ടി എന്ന ആരോപണം കേൾക്കേണ്ടി വരുന്നു.

ചോദിച്ച സീറ്റ് നൽകിയില്ല, തരാമെന്ന് പറഞ്ഞ സീറ്റും തന്നില്ല. മറ്റൊരു സ്ഥലത്ത് കൊണ്ടിട്ട് ചതിച്ചതിനു ശേഷവും കൂടെ നിൽക്കാമെന്ന് പറഞ്ഞ ഞങ്ങളോട് ഇത്രയും നാളായിട്ടും ഒരു മര്യാദ പോലും കാണിച്ചിട്ടില്ല. ഇനി അവരുടെ ആ വിഴുപ്പ് ചുമക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് ഒറ്റയ്ക്ക് സിനിമ ചെയ്യാൻ അറിയാം, മുന്നോട്ട് പോകാൻ അറിയാം. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് സർവൈവ് ചെയ്യാനുള്ള ശേഷി എനിക്കുണ്ട്; ഞാൻ അങ്ങനെ തന്നെ മുന്നോട്ട് പോകും. രാഷ്ട്രീയം പറയേണ്ടയിടത്ത് എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങൾ സംസാരിക്കുകയും ചെയ്യും.

പ്രത്യേകിച്ച് ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്ര കാഴ്‌ചപ്പാടോടെ ഞാൻ മുന്നോട്ട് പോകും. ആ കാഴ്‌ചപ്പാടിന് എനിക്ക് ലഭിക്കുന്ന സ്വീകാര്യത മുൻപും കിട്ടിയിട്ടുണ്ട്, നാളെയും കിട്ടും. ഏതെങ്കിലും ഒരു പാർട്ടിയുടെ ലേബലിൽ നിന്നാൽ ഞാൻ പറയുന്ന വിഷയങ്ങളുടെ മെറിറ്റ് നഷ്‌ടപ്പെട്ടുപോകും. ദുരിതാശ്വാസ നിധിക്കെതിരെ ഞാൻ ബി.ജെ.പി. പ്ലാറ്റ്ഫോമിൽ നിന്ന് സംസാരിച്ചാൽ എത്രപേർ അത് വിശ്വസിക്കും? സ്വതന്ത്രനായതുകൊണ്ടാണ് ആളുകൾക്ക് ആ വിശ്വാസം വരുന്നത്. ശരിക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒരു പ്രസ്‌ഥാനത്തിന്റെയും ഭാരം എൻ്റെ തലയിൽ ഉണ്ടാകാൻ പാടില്ല, ആ ചാപ്പ എന്റെ മേൽ വീഴരുത്. ഞാൻ ഞാനായി തന്നെ സംസാരിക്കും, എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങളിൽ ഉറച്ചുനിൽക്കും, ”

Also read: