12-ാം വയസ്സിൽ യുകെയിൽ യുവ മേയറായി മലയാളി പെൺകുട്ടി; ചരിത്രനേട്ടവുമായി കൊല്ലം സ്വദേശിനി നൗറീൻ
ലണ്ടൻ: യുകെ ഈസ്റ്റ് റൈഡിങ് യോർക്ഷർ കൗൺസിലിലെ ആദ്യ യുവ മേയറായി തെരഞ്ഞെടുക്കപ്പെട്ട് കൊല്ലം സ്വദേശിനിയായ 12 വയസ്സുകാരി നൗറീൻ അബ്സിൻ സനൂജ്. യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കുന്നതിനായി രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായാണ് ഈ ചരിത്ര നിയമനം.
കൊല്ലം മാടൻനട മിൻഷാ മൻസിലിൽ അബ്സിൻ സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളായ നൗറീൻ, നിലവിൽ യുകെയിലെ സൗത്ത് ഹൻസ്ലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശ്ശൂർ ഡോൺ ബോസ്കോ സ്കൂളിൽ മൂന്നാം ക്ലാസ് വരെ പഠിച്ച നൗറീന്റെ കുടുംബം വർഷങ്ങളായി യുകെയിലാണ് താമസം.
ഒരു വർഷമാണ് മേയറുടെ കാലാവധി. ഭരണകൂടത്തിനും യുവാക്കൾക്കുമിടയിൽ ഒരു കണ്ണിയായി പ്രവർത്തിക്കുക, യുവജനങ്ങളുടെ ശബ്ദമാവുക, കൗൺസിലിന്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുക എന്നിവയാണ് ഈ കൊച്ചു മേയറുടെ പ്രധാന ചുമതലകൾ. പ്രവാസി മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് നൗറീന്റെ ഈ നേട്ടം.