30/07/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ മുൻ സർക്കാർ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് 28 കോടി ക്യാഷും 15 കിലോ സ്വർണവും; പണമെണ്ണി 5 മെഷീനുകൾ കേടായി, പിടിയിലായത് മുൻ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി

 ബംഗാളിൽ മുൻ സർക്കാർ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് 28 കോടി ക്യാഷും 15 കിലോ സ്വർണവും; പണമെണ്ണി 5 മെഷീനുകൾ കേടായി, പിടിയിലായത് മുൻ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 28.5 കോടി രൂപയുടെ പണവും 21.3 കോടി രൂപയോളം വിലമതിക്കുന്ന 15 കിലോഗ്രാം സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു. നോർത്ത് ബംഗാൾ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഡ്രൈവറായ മുഹമ്മദ് മിനാർ മണ്ഡലിന്റെ വീട്ടിലാണ് 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് ഇത്രയും വലിയ തുകയും സ്വർണവും കണ്ടെത്തിയത്. അഞ്ച് ട്രങ്കുകളിലും അലമാരകളിലുമായി സൂക്ഷിച്ചിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്താൻ എത്തിച്ച അഞ്ച് നോട്ട് എണ്ണൽ മെഷീനുകൾ തുടർച്ചയായ ഉപയോഗം മൂലം കേടായി. തുടർന്ന് കൂടുതൽ മെഷീനുകളും സ്വർണ്ണം തൂക്കുന്ന ത്രാസുകളും മിനാറിന്റെ വീട്ടിലെത്തിച്ചാണ് റെയ്ഡ് പൂർത്തിയാക്കിയത്. ബിർഭൂം എസ്.പി വിദിത് രാജ് ഭുണ്ടേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിന് പിന്നാലെ മിനാർ മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്തെ പ്രമുഖ കരിങ്കല്ല് വ്യാപാരിയും മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മണ്ഡലിന്റെ അടുത്ത അനുയായിയുമായ മുഹമ്മദ് നജീബുദ്ദീൻ എന്ന ‘തുലു’ മണ്ഡലിന്റെ അടുത്ത ബന്ധുവാണ് പിടിയിലായ മിനാർ മണ്ഡൽ. ബിർഭൂമിലെ കരിങ്കൽ ക്വാറി മേഖലയിലെ ടോൾ ഗേറ്റുകളിൽ നിന്ന് അനധികൃതമായി പണം പിരിക്കാൻ തുലു മണ്ഡൽ ചുമതലപ്പെടുത്തിയത് മിനാറിനെയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഒരു മോഷണക്കേസിലെ അന്വേഷണത്തിനിടെ അറസ്റ്റിലായ ഏഴ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിനെക്കുറിച്ചും െ്രെഡവറുടെ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്ന അനധികൃത സ്വത്തിനെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.

ചോദ്യം ചെയ്യലിൽ കണ്ടെടുത്ത പണവും സ്വർണ്ണവും തുലു മണ്ഡലിന്റെ അനധികൃത സിൻഡിക്കേറ്റിന്റേതാണെന്ന് മിനാർ സമ്മതിച്ചിട്ടുണ്ട്. വലിയ തുക തട്ടിയെടുത്തും പൊതുസ്വത്ത് കൊള്ളയടിച്ചും സമാഹരിച്ച ഈ അഴിമതിപ്പണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പിടിച്ചെടുത്ത കോടികളുടെ പണവും സ്വർണ്ണവും ആറ് ട്രങ്കുകളിലാക്കി പോലീസ് ട്രക്കുകളിൽ സുരക്ഷിതമായി ബിർഭൂം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Also read: