സംസ്ഥാനത്ത് അതിതീവ്ര മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി; മൂന്ന് മരണം, വീടുകൾ തകർന്നു
വെള്ളിയാഴ്ച വൈകീട്ടോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട് മൂന്ന് പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. മലയോര മേഖലകളിൽ പലയിടത്തും വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ നൂറോളം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായി മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരണപ്പെട്ടു. പരിക്കേറ്റ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിനു മുകളിലേക്ക് ഉരുൾപൊട്ടി വീണ് മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. അപകടത്തിൽപെട്ട മാതാവ് റജീനയെ (ഗ്രേസി) കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ബന്ധുവും വൈക്കം സ്വദേശിയുമായ പ്രഭാകരൻ നായർ (72) മരിച്ചു.
വീടുകൾ മുങ്ങി, നദികൾ കരകവിഞ്ഞു
പമ്പ, മണിമല, മീനച്ചിൽ നദികൾ അപകടനില തരണം ചെയ്താണ് ഒഴുകുന്നത്. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ മേഖലകളിലെ പ്രധാന റോഡുകൾ പൂർണമായി വെള്ളത്തിനടിയിലായി.
കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്.
തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു:
* പത്തനംതിട്ട
* കോട്ടയം
* ഇടുക്കി
* മലപ്പുറം
* കോഴിക്കോട്
* വയനാട്
* കണ്ണൂർ
* കാസർകോട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി:
കനത്ത മഴ കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നദിക്കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.