പരിക്കേറ്റ് വിശ്രമിക്കവേ ജോസഫിൻ മണ്ണിനടിയിലായി; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് 500 അടി താഴെനിന്ന്
കോട്ടയം/ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടവും ജീവഹാനിയും. ദുരന്തത്തിൽ ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. സുമതി, പ്രഭാകരൻ നായർ എന്നിവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് ഉണ്ടായ ഉരുൾപൊട്ടലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കാലിന് പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്ന ജോസഫിൻ ജോണി (24) മണ്ണിനടിയിലായി. കൂടെയുണ്ടായിരുന്ന മാതാവ് റെജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഭർത്താവ് എം.ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാലും മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലില്ലാതിരുന്നതിനാലും രക്ഷപ്പെട്ടു. ചൂണ്ടച്ചേരി എൻജിനിയറിങ് കോളജ് കന്റീൻ ജീവനക്കാരനാണ് ജോസഫിൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ് റെജീന. ഇടമല ഭാഗത്തുനിന്നുണ്ടായ ഉരുൾപൊട്ടലിലാണ് അപകടം സംഭവിച്ചത്.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതിയുടെ മൃതദേഹം വീട് നിന്നിരുന്ന സ്ഥാനത്തുനിന്ന് 500 അടിയോളം താഴെനിന്നാണ് കണ്ടെത്തിയത്. അപകടത്തിൽ ഇവരുടെ വീട് പൂർണമായി തകർന്നു. കൂടെയുണ്ടായിരുന്ന ഭർത്താവ് രവിയെ രക്ഷപ്പെടുത്തിയപ്പോൾ, പരിക്കേറ്റ മകൻ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കാണാതായ ബന്ധുവും വൈക്കം സ്വദേശിയുമായ പ്രഭാകരൻ നായരുടെ (72) മൃതദേഹവും കണ്ടെടുത്തു. മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.