ശബരിമല നെയ്യ് ക്രമക്കേട്; മുൻ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതി ചേർക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന് പിന്നാലെ ഉയർന്ന നെയ്യ് ക്രമക്കേടിലും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വിജിലൻസ് പ്രതിചേർക്കും. സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിവെച്ച ദുരൂഹമായ ഇടപാടിന് അനുമതി നൽകിയത് പ്രശാന്താണെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുൻ ബോർഡ് അംഗം അജികുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരെയും പ്രതിചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് നടന്ന നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ഇടപാടാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
മിൽമയിൽ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റർ നെയ്യാണ് ശബരിമലയിലേക്ക് വാങ്ങിയത്. ഈ വാങ്ങലിൽ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും ദുരൂഹത സംശയിക്കുന്നതും വിജിലൻസ് അന്വേഷിക്കുന്നതും. ശബരിമലയിൽ എത്തിച്ചത് ഗുണനിലവാരമില്ലാത്ത നെയ്യാണെന്നതാണ് ഇതിലൊന്ന്. യഥാർത്ഥ നെയ്യ് മറിച്ചുവിറ്റ് സംഘം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ഇതിൽ വിജിലൻസ് സംശയിക്കുന്നത്.
വിപണിയിലെ നിരക്കിനേക്കാൾ ഉയർന്ന വില നൽകി നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നതാണ് അന്വേഷിക്കുന്ന രണ്ടാമത്തെ വിഷയം. ഈ ഇടപാടുകളെക്കുറിച്ച് വിജിലൻസ് സമഗ്രമായ അന്വേഷണം നടത്തുമെങ്കിലും കേസിൽ മിൽമയിലെ ആരെയും പ്രതിചേർക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.