18/08/2026
[fontresizer_tawhidurrahmandear_widget]

126 കോടി ഭും!   മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; എഎഫ്എയ്ക്ക് പണം നൽകിയതിന് രേഖയില്ല

 126 കോടി ഭും!   മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; എഎഫ്എയ്ക്ക് പണം നൽകിയതിന് രേഖയില്ല

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ വൻ തട്ടിപ്പും ചട്ടലംഘനവും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോഴും, പണം കൈമാറിയതിനോ ടീം അത് കൈപ്പറ്റിയതിനോ യാതൊരു രേഖയുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്, മന്ത്രി ഒ.ജെ. ജനീഷിന് നൽകിയ റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി. ഒരു മലയാള ദിനപത്രമാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

കരാറുകളില്ല, ഇ-മെയിൽ മാത്രം സാക്ഷി

എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലോ, സ്പോൺസറും സർക്കാരും തമ്മിലോ കരാർ ഒപ്പിട്ടതിന്റെ രേഖകളൊന്നുമില്ല. എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫീസ് നടത്തിയ ചില ഇ-മെയിലുകൾ മാത്രമാണ് സർക്കാർ ഫയലുകളിലുള്ളത്. അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് പ്രദർശന മത്സരം നടക്കുന്നതായി കേന്ദ്രത്തെ അറിയിച്ച് പണം കൈമാറാൻ സ്പോൺസർ അനുമതി നേടിയത്.

സ്പോൺസർ തെരഞ്ഞെടുപ്പിൽ ദുരൂഹത

ടെൻഡറില്ലാതെ ഏകപക്ഷീയമായാണ് സ്പോൺസറെ കണ്ടെത്തിയത്. ടീമിനെ കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകാമെന്ന് കാണിച്ച് 2023 ജൂലൈയിൽ സർക്കാരിന് ആദ്യ കത്തയച്ച കളമശ്ശേരി ആസ്ഥാനമായ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനം കത്തയക്കുന്നതിന് 20 ദിവസം മുൻപ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഈ സ്ഥാപനത്തിന് സ്പോൺസർ കമ്പനിയുടെ അതേ മേൽവിലാസമാണുള്ളത്.

പണം കൈമാറ്റത്തിന് ഉപയോഗിച്ച യുഎസ് ആസ്ഥാനമായ ഏജൻസി അവിടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണ്. കൂടാതെ 126 കോടിയുടെ പണമിടപാടിൽ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് സമൻസ് അയച്ചിട്ടുണ്ട്.

മന്ത്രിയുടെ യാത്രയും അനിശ്ചിതത്വത്തിൽ

ടീമിനെ ക്ഷണിക്കാനെന്ന പേരിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനും ഉദ്യോഗസ്ഥരും 2024 സെപ്റ്റംബറിൽ സ്പെയിൻ പര്യടനം നടത്തിയെങ്കിലും എഎഫ്എ ക്ഷണിച്ചതിന്റെ രേഖകളൊന്നുമില്ല. വിദേശനാണ്യ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വിജിലൻസും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Also read: