04/09/2026
[fontresizer_tawhidurrahmandear_widget]

വിമാനം റദ്ദാക്കിയതിൽ പൊട്ടിത്തെറിച്ച് യുവതി; കൗണ്ടറിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞു, 49,000 രൂപയുടെ നഷ്ടം

 വിമാനം റദ്ദാക്കിയതിൽ പൊട്ടിത്തെറിച്ച് യുവതി; കൗണ്ടറിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞു, 49,000 രൂപയുടെ നഷ്ടം

ഭുവനേശ്വർ: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതിൽ പ്രകോപിതയായി വിമാനത്താവള കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ തല്ലിത്തകർത്ത് യാത്രക്കാരി. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനെത്തിയ മാമോനി ഖാരത് എന്ന യുവതിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ വിമാനത്താവള അധികൃതർ പോലീസിൽ പരാതി നൽകി.

ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊൽക്കത്തയിലേക്കുള്ള ഇൻഡി​ഗോയുടെ 6ഇ 7352 വിമാനം സാങ്കേതിക പ്രശ്നങ്ങൾ കാരണം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി ഇൻഡി​ഗോ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും കൗണ്ടറിലുണ്ടായിരുന്ന ഉപകരണങ്ങൾ വലിച്ചെറിയുകയുമായിരുന്നു. സി.ഐ.എസ്.എഫ്, ഇൻഡിഗോ, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

യാത്രക്കാരിയുടെ അതിക്രമത്തിൽ കൗണ്ടറിലെ മോണിറ്റർ, കീബോർഡ്, പാസ്പോർട്ട് സ്വൈപ്പിങ് മെഷീൻ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിലൂടെ 49,000 രൂപയുടെ നാശനഷ്ടമുണ്ടായതായി എയർപോർട്ട്സ് അതോറിറ്റി വ്യക്തമാക്കി.

യുവതി കൗണ്ടറിലെ ഉപകരണങ്ങൾ വലിച്ചെറിയുന്നതിന്റെയും, മറ്റുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാത്തതിനെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ തടയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാശനഷ്ടത്തിന്റെ തുക ഇവരിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് വിമാനത്താവള അധികൃതർ പോലീസിനെ സമീപിച്ചിരിക്കുന്നത്.

Also read: