മലപ്പുറത്ത് ബിജെപിയുടെ തിരംഗ യാത്ര ഉദ്ഘാടനം ചെയ്ത് എൽഡിഎഫിന്റെ പഞ്ചായത്തംഗം
വാഴക്കാട്: മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ ബിജെപി സംഘടിപ്പിച്ച തിരംഗ യാത്ര എൽഡിഎഫ് പഞ്ചായത്തംഗം ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ വിവാദമാകുന്നു. വാഴക്കാട് പഞ്ചായത്തിലെ നാലാം വാർഡായ ചെറുവട്ടൂർ ജനപ്രതിനിധി സ്രാമ്പിയേക്കൽ ബഷീറാണ് ദേശീയ പതാക കൈമാറി ബിജെപി വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത്.
സംഭവം വിവാദമായതോടെ എൽഡിഎഫിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്തെത്തി. ചെറുവട്ടൂർ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും, സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചുനൽകിയെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുൻപ് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ തെരഞ്ഞെടുപ്പ് സമയത്തും യുഡിഎഫ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ തള്ളി ബഷീർ രംഗത്തെത്തി. പഞ്ചായത്തിൽ നിന്ന് ഇറങ്ങിവരുമ്പോൾ സുഹൃത്ത് കൂടിയായ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നും, അവിടെ ബിജെപിയുടെ കൊടിപോലും ഉണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ദേശീയ പതാക കൈമാറുക മാത്രമാണ് ചെയ്തതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.