കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രിയപ്പെട്ട ഓട്ടോക്കാരി; പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്ന ഫാത്തിമ ഫിൻഷ
തേഞ്ഞിപ്പലം: കാറിലും ബൈക്കിലും ബുള്ളറ്റിലുമൊക്കെ വിദ്യാർത്ഥികൾ കോളേജുകളിലേക്ക് എത്തുന്നത് സാധാരണ കാഴ്ചയാണെങ്കിലും, മലപ്പുറം തേഞ്ഞിപ്പലം പാണാമ്പ്ര സ്വദേശിയായ ഫാത്തിമ ഫിൻഷ കോളേജിലെത്തുന്നത് ഓട്ടോറിക്ഷയിലാണ്. കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ രണ്ടാം വർഷ ഇന്റഗ്രേറ്റഡ് എംഎ അറബിക് വിദ്യാർത്ഥിനിയായ ഫിൻഷ, തന്റെ വേറിട്ട യാത്രയിലൂടെ ശ്രദ്ധേയയാവുകയാണ്.
സ്വന്തമായി ഓട്ടോ ഓടിച്ച് സഹപാടികളെയും കൂട്ടി ക്യാമ്പസിലേക്ക് വരാനാണ് ഫിൻഷയ്ക്ക് ഏറെ ഇഷ്ടം. ചെറുപ്പം മുതലേ വാഹനങ്ങളോട് താല്പര്യമുള്ള ഫിൻഷ ബൈക്കും കാറുമെല്ലാം ഓടിക്കാറുണ്ട്. വിദേശത്തുള്ള മാമന്റെ ഓട്ടോറിക്ഷ വീട്ടിൽ ഉണ്ടായിരുന്നതോടെയാണ് ഇത് ഓടിക്കാൻ കൂടുതൽ താല്പര്യം തോന്നിയത്. തുടർന്ന് പിതാവിനോട് ആഗ്രഹം പറയുകയും ഡ്രൈവിങ് പഠിക്കുകയുമായിരുന്നു. ലൈസൻസ് ലഭിച്ചതോടെ ക്യാമ്പസിലേക്കും പുറത്തേക്കുമുള്ള യാത്രകൾ ഓട്ടോയിലാക്കി.
സർവ്വകലാശാല ഭരണ വിഭാഗത്തിലെ ഡ്രൈവറായ പി.എം. ശൗക്കത്തലിയാണ് മകളെ ഡ്രൈവിങ് പഠിപ്പിച്ചത്. ലൈസൻസ് കിട്ടിയതിനു ശേഷം ക്ലാസ്സിൽ പോകാൻ പിതാവ് സ്ഥിരമായി ഓട്ടോ നൽകുന്നുണ്ട്. പഠനത്തിന്റെ ഇടവേളകളിൽ യാത്രക്കാരുമായി ട്രിപ്പ് പോയി സ്വന്തമായി പോക്കറ്റ് മണിയും ഈ മിടുക്കി കണ്ടെത്താറുണ്ട്. ഒഴിവുസമയങ്ങളിൽ കൂട്ടുകാരോടൊപ്പം കറങ്ങാനും ഫിൻഷയുടെ ഓട്ടോ തന്നെയാണ് ഉപയോഗിക്കുന്നത്. പൊൻപാറക്കുന്ന് വ്യൂ പോയിന്റിലേക്ക് പോയതും സഹപാഠികളുടെ കല്യാണത്തിന് ഒരുമിച്ച് പോയതുമെല്ലാം ഈ ഓട്ടോയിലാണെന്ന് കൂട്ടുകാർ പറയുന്നു. ലോറിയും ജെസിബിയുമൊക്കെ ഓടിക്കണമെന്നാണ് ഫിൻഷയുടെ അടുത്ത ആഗ്രഹം.
പിതാവ് ശൗക്കത്തലിയുടെയും അധ്യാപികയായ മാതാവ് ആമിനയുടെയും വലിയ പിന്തുണയാണ് തന്റെ സ്വപ്നങ്ങൾക്ക് കരുത്താകുന്നതെന്ന് ഫിൻഷ പറയുന്നു. ഫാത്തിമ ഫദ്വ, ഫാദി റഹ്മാൻ എന്നിവരാണ് സഹോദരങ്ങൾ. ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ കേവലം ഒരു റൈഡർ മാത്രമല്ല, പക്കാ പ്രൊഫഷണൽ ഓട്ടോ ഡ്രൈവർ കൂടിയാണ് ഫാത്തിമ ഫിൻഷ.