ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രായേല്‍ സെെന്യത്തിന്റെ മുന്‍ അഭിഭാഷക അറസ്റ്റില്‍
തെല്‍ അവീവ്: ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട്, ഇസ്രായേൽ സൈന്യത്തിന്റെ മുൻ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫത്ത് തോമർ യെറുഷാൽമി അറസ്റ്റിലായി. ദൃശ്യങ്ങൾ പുറത്തുവിടാൻ അനുമതി നൽകിയത് താനാണെന്നു വെളിപ്പെടുത്തി വെള്ളിയാഴ്ച ഇവർ രാജി വെച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് അവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ദേ തൈമാൻ ഡിറ്റൻഷൻ സെന്ററിലെ തടവുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലാണ് ഈ നടപടി.
2024 ജൂലൈ 5-ന് സ്ദേ തൈമാൻ താവളത്തിൽ വെച്ച് ഒരു ഫലസ്തീനി സുരക്ഷാ തടവുകാരനെ സൈനികർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇസ്രായേൽ സൈന്യത്തിന്റെ ഏറ്റവും ഉയർന്ന നിയമോപദേശകയായിരുന്ന തോമർ യെറുഷാല്മിയുടെ അനുമതിയോടെ പുറത്തായത്. ഈ വീഡിയോ ഓഗസ്റ്റ് 6-ന് ചാനൽ 12 പുറത്തുവിടുകയായിരുന്നു. ചോർച്ചയെത്തുടർന്ന് ഒമ്പത് സൈനികർ അറസ്റ്റിലായിരുന്നു. അവശേഷിക്കുന്ന അഞ്ച് റിസർവിസ്റ്റുകൾക്കെതിരെ പിന്നീട് ‘ഗുരുതരമായ പീഡനം’ ആരോപിച്ച് കേസ് ഫയൽ ചെയ്യുകയും വിചാരണ നടക്കുകയും ചെയ്യുന്നു.
ദൃശ്യങ്ങൾ ചോർന്ന സംഭവം ഇസ്രായേലിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. വലതുപക്ഷ മന്ത്രിമാരും എംകെമാരും സൈനിക കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ‘സൈനിക നിയമപാലന അധികാരികൾക്കെതിരായ തെറ്റായ പ്രചാരണം തടയുന്നതിനു വേണ്ടിയാണ് താൻ വീഡിയോ പുറത്തുവിടാൻ അനുമതി നൽകിയതെന്ന് തന്റെ രാജി പ്രസ്താവനയിൽ തോമർ യെറുഷാല്‍മി വ്യക്തമാക്കിയിരുന്നു. ‘ഇസ്രായേലിനെതിരായ ഏറ്റവും ഗുരുതരമായ പിആർ ആക്രമണം’ ആയിരുന്നു വീഡിയോ ചോർച്ചയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ചത്തെ കാബിനറ്റ് യോഗത്തിൽ വിശേഷിപ്പിച്ചു.
രാജിവെച്ച ശേഷം അപ്രത്യക്ഷയായ യിഫത്തിനു വേണ്ടി പൊലീസ് ശക്തമായ തെരച്ചിൽ നടത്തിയിരുന്നു. കുടുംബത്തിനു വേണ്ടി കുറിപ്പ് എഴുതി വെച്ചിരുന്നതിനാൽ ഇവർ ആത്മഹത്യ ചെയ്തോ എന്ന സംശയവും നിലനിന്നു. ഇതിനിടെയാണ് ഭർത്താവിന് ഇവർ അയച്ച സന്ദേശത്തെ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.