04/06/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ ലക്ഷ്യമല്ല’; മലക്കം മറിഞ്ഞ് ഇസ്രയേൽ സൈന്യം

 ‘ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ ലക്ഷ്യമല്ല’; മലക്കം മറിഞ്ഞ് ഇസ്രയേൽ സൈന്യം

തെൽ അവീവ്: ഇറാൻ യുദ്ധത്തിൽ നിലപാട് മാറ്റി ഇസ്രയേൽ സൈന്യം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ സൈന്യത്തിന്റെ ഔദ്യോഗിക യുദ്ധലക്ഷ്യങ്ങളിൽ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക പ്രഹരശേഷി തകർക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് ഐഡിഎഫ് വിശദീകരണം.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ നിർമാണശാലകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നീക്കത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും സൈനികവൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇറാനിലെ ജനങ്ങൾ തെരുവിലിറങ്ങി ഭരണകൂടത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, സൈനികമായ ഇടപെടലിലൂടെ ഭരണമാറ്റം കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് ഐഡിഎഫിന്റെ വിലയിരുത്തൽ.

യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ഇറാനിൽ ഭരണകൂടത്തിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതും ഇസ്രയേൽ സൈന്യത്തെ തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന. ഭരണമാറ്റം എന്നതിലുപരി ഇറാന്റെ ഭീഷണി കുറയ്ക്കുക എന്നതിനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രാധാന്യം നൽകുന്നത്. സഖ്യകക്ഷികൾക്കിടയിൽ യുദ്ധലക്ഷ്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നത് ഏകോപനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം മകൻ മുജ്താബ ഖാംനഇ അധികാരം ഏറ്റെടുത്തിരുന്നു. ഭരണകൂടം ഇപ്പോഴും ശക്തമായി തുടരുന്നത് കണക്കിലെടുത്ത്, നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തേക്കാൾ ഇറാന്റെ ആയുധശേഷി നശിപ്പിക്കുന്നതിലാണ് ഇസ്രയേൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Also read: