02/09/2026
[fontresizer_tawhidurrahmandear_widget]

’48 മണിക്കൂർ സമയം തരാം, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും’; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അന്ത്യശാസനം നൽകി സിജെപി

 ’48 മണിക്കൂർ സമയം തരാം, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും’; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അന്ത്യശാസനം നൽകി സിജെപി

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂൾ പരിശോധിക്കാനെത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി സി.ജെ.പി. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് പാർട്ടി 48 മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറേ വർഷങ്ങളായി എരുമത്തൊഴുത്തിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ വർഷവും തങ്ങൾ ഇവിടെ പരിശോധന നടത്തിയിരുന്നതായും സി.ജെ.പി സഹ കൺവീനർ അശുതോഷ് റങ്ക വ്യക്തമാക്കി.

സി.ജെ.പി സംഘം എത്തുന്നതിന് മുമ്പുതന്നെ ബി.ജെ.പി പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ സന്നദ്ധ പ്രവർത്തകരെ മർദിച്ചുവെന്നുമാണ് പ്രധാന ആരോപണം. ആക്രമണത്തിൽ വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ഫോണുകൾ നശിപ്പിക്കുകയും ഒരു സ്ത്രീയടക്കമുള്ളവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്. പൊലീസിൽ വിവരമറിയിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. കല്ലേറിൽ തങ്ങളുടെ ഒരു പ്രവർത്തകന് പരിക്കേറ്റതായും അശുതോഷ് റങ്ക പറഞ്ഞു. മാധ്യമപ്രവർത്തകർ നോക്കിനിൽക്കെ നടന്ന ഈ സംഭവം രാജസ്ഥാന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിവസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സ്കൂളിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുകയും ബി.ജെ.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയും ചെയ്തില്ലെങ്കിൽ ജയ്പൂരിലെത്തി നിരാഹാര സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും അറിയിച്ചു. അതേസമയം, സി.ജെ.പിയുടെ ആരോപണങ്ങൾ രാജസ്ഥാൻ ബി.ജെ.പി പൂർണമായും തള്ളിക്കളഞ്ഞു. കോൺഗ്രസ് പ്രവർത്തകരാണ് വ്യത്യസ്ത മുഖംമൂടിയണിഞ്ഞ് സി.ജെ.പിയുടെ പേരിൽ ഗ്രാമങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി മന്ത്രി ജവഹർ സിങ് പ്രതികരിച്ചു. ഇത് അരാജകവാദികളുടെ ഒരു പാർട്ടിയായി മാറിയിരിക്കുകയാണെന്ന് മറ്റൊരു മന്ത്രിയായ അവിനാശ് ഗെലോട്ടും കുറ്റപ്പെടുത്തി.

Also read: