04/09/2026
[fontresizer_tawhidurrahmandear_widget]

സർക്കാർ സ്കൂളിൻ്റെ ശോച്യാവസ്ഥ പുറത്തുവിട്ടു; യുപിയിൽ യുവ ആക്ടിവിസ്റ്റിനെതിരെ കേസ്

 സർക്കാർ സ്കൂളിൻ്റെ ശോച്യാവസ്ഥ പുറത്തുവിട്ടു; യുപിയിൽ യുവ ആക്ടിവിസ്റ്റിനെതിരെ കേസ്

ലഖ്നൗ: സർക്കാർ പ്രൈമറി സ്കൂളിൻ്റെ ശോച്യാവസ്ഥ വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവ ആക്ടിവിസ്റ്റ് രജത് സിങ്ങിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ദിയോറയിലെ ഗൗരിബസാറിലുള്ള ദാമർ ബിശ്വ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. അനുമതിയില്ലാതെ സ്കൂൾ വളപ്പിൽ പ്രവേശിച്ചെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഓഗസ്റ്റ് 16-നാണ് സ്കൂളിലെ തകർന്ന കെട്ടിടവും ഉപയോഗശൂന്യമായ പെൺകുട്ടികളുടെ ശൗചാലയവും മാലിന്യങ്ങളും രജത് സിങ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്നാൽ, പഴയ കെട്ടിടം പൊളിച്ചതിൻ്റെ അവശിഷ്ടങ്ങളാണ് അവിടെയുണ്ടായിരുന്നതെന്നും അവ നീക്കം ചെയ്യാനുള്ള നടപടികൾ നടക്കുകയായിരുന്നുവെന്നുമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. ‘ഓപ്പറേഷൻ കായ കൽപ്പ്’ പദ്ധതിയിലുൾപ്പെടുത്തി സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനം നടത്തിയിട്ടുണ്ടെന്നും വീഡിയോ വന്നതിന് പിന്നാലെ അവശിഷ്ടങ്ങൾ നീക്കിയതായും അധികൃതർ അറിയിച്ചു.

അതേസമയം, നാലോ അഞ്ചോ മാസമായി അവിടെ കിടന്ന അവശിഷ്ടങ്ങൾ വീഡിയോ പുറത്തുവന്ന ശേഷമാണ് നീക്കം ചെയ്തതെന്ന് രജത് സിങ് പറഞ്ഞു. സ്കൂളുകളിലെ യഥാർഥ അവസ്ഥ പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിലെ സർക്കാർ സ്കൂളുകളിൽ യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ പ്രവർത്തകർക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

Also read: