‘അംബാനി രാജ്യദ്രോഹി; അജ്മൽ കസബിന് വേണ്ടി ദയാഹരജി നൽകിയ ഭീകരൻ മുംബൈ ഇന്ത്യൻസിന്റെ തലപ്പത്ത്’-സുബിൻ ബറൂച്ചയുടെ നിയമനം വിവാദത്തിൽ; പ്രതിഷേധവുമായി ആരാധകർ | MI Zubin Bharucha Ajmal Kasab Controversy
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് പെർഫോമൻസായി മുൻ രാജസ്ഥാൻ റോയൽസ് പരിശീലകൻ സുബിൻ ബറൂച്ചയെ നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം(MI Zubin Bharucha Ajmal Kasab Controversy). മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2012ൽ സമർപ്പിച്ച ദയാഹരജിയിൽ ഒപ്പുവച്ച വ്യക്തിയാണ് ബറൂച്ച എന്നു ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഫ്രാഞ്ചൈസിക്കും ടീം ഉടമ മുകേഷ് അംബാനിക്കുമെതിരെ രംഗത്തെത്തിയത്. രാജ്യദ്രോഹിയെ ടീമിന്റെ സുപ്രധാന പദവിയിൽ നിയമിച്ച അംബാനിയും രാജ്യദ്രോഹിയാണെന്ന തരത്തിലാണ് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ പടരുന്നത്.
ബറൂച്ചയുടെ നിയമനവും വിവാദവും | MI Zubin Bharucha Ajmal Kasab Controversy
ഓഗസ്റ്റ് 22നാണ് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി സുബിൻ ബറൂച്ചയെ തങ്ങളുടെ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് നിയമിച്ചതായി മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം തന്നെ 2012ലെ കസബിന്റെ ദയാഹരജിയിൽ ബറൂച്ച ഒപ്പിട്ടിരുന്നതിന്റെ രേഖകളും സ്ക്രീൻഷോട്ടുകളും എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. മുംബൈ നഗരത്തെ ചോരക്കളമാക്കിയ ഭീകരന് വേണ്ടി മാപ്പപേക്ഷിച്ച ഒരാളെ എങ്ങനെയാണ് മുംബൈയുടെ സ്വന്തം ടീമിന്റെ തലപ്പത്ത് നിയമിക്കാൻ സാധിച്ചതെന്നാണ് ആരാധകർ രോഷത്തോടെ ചോദിക്കുന്നത്.
2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക പാക് ഭീകരനായ അജ്മൽ കസബിനെ 2012 നവംബർ 21ന് പൂനെ യെർവാഡ ജയിലിൽ തൂക്കിലേറ്റിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കസബിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ യുഗ് മോഹിത് ചൗധരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സമർപ്പിച്ച സംയുക്ത ഹരജിയിൽ അഭിഭാഷകരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ ഇരുനൂറിലധികം പേർ ഒപ്പിട്ടിരുന്നു. ആ പട്ടികയിലാണ് സുബിൻ ബറൂച്ചയും ഉൾപ്പെട്ടിരുന്നത്.
പ്രതിഷേധവും ബഹിഷ്ക്കരണാഹ്വാനവും | MI Zubin Bharucha Ajmal Kasab Controversy
മുംബൈ നഗരത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ നിയമനമെന്ന് ചൂണ്ടിക്കാട്ടി ടീം ഉടമയായ മുകേഷ് അംബാനിയെ നേരിട്ട് ടാഗ് ചെയ്തുകൊണ്ടാണ് കടുത്ത പോസ്റ്റുകൾ വരുന്നത്. നൂറുകണക്കിന് നിരപരാധികളെ വെടിവച്ചുകൊന്ന ക്രൂരനായ ഭീകരവാദിയോട് സഹതാപം കാട്ടിയ ഒരാളെ കോടികൾ നൽകി ടീമിലേക്ക് കൊണ്ടുവന്നത് മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരോടും ഇരകളോടുമുള്ള കൊടിയ അപമാനമാണെന്ന് ആരാധകർ ആരോപിക്കുന്നു. ഫ്രാഞ്ചൈസിയുടെ പേജുകൾ ബഹിഷ്കരിക്കണമെന്നും ടീമിന്റെ മത്സരങ്ങൾ കാണരുതെന്നും ആവശ്യപ്പെട്ട് ഹാഷ്ടാഗ് കാമ്പയിനുകളും ശക്തമായിട്ടുണ്ട്.
പ്രഖ്യാപന പോസ്റ്റിന് താഴെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. കസബ് അനുകൂലിയെ ഡയറക്ടർ ഓഫ് പെർഫോമൻസായി നിയമിച്ച അംബാനിമാർക്ക് നാണമില്ലേ എന്നും, നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകരന് വേണ്ടി ദയാഹരജി സമർപ്പിച്ച ഒരാളെ ടീമിലെടുക്കാൻ അൽപമെങ്കിലും ലജ്ജ വേണ്ടേ എന്നും ആരാധകർ ചോദിക്കുന്നു. രാജ്യദ്രോഹിയെ പിന്തുണയ്ക്കുന്ന ഭീകരനെ ടീമിലെടുത്ത അംബാനിയും രാജ്യദ്രോഹിയാണെന്ന തരത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളും അംബാനി കുടുംബത്തെയും ടീമിനെയും നേരിട്ട് ടാഗ് ചെയ്തുകൊണ്ട് ഉയർന്നു.
അതേസമയം, വധശിക്ഷ എന്ന ശിക്ഷാരീതിയോടുള്ള എതിർപ്പിന്റെ ഭാഗമായാണ് അന്ന് പ്രമുഖർ ഒപ്പിട്ട ഹരജിയിൽ ബറൂച്ചയും ഭാഗമായതെന്നും അത് ഭീകരവാദത്തെ പിന്തുണയ്ക്കലല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിവാദങ്ങൾ വലിയ തോതിൽ പടരുമ്പോഴും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല(MI Zubin Bharucha Ajmal Kasab Controversy).
മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ ബറൂച്ച, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ് തുടങ്ങിയ യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകനാണ്.