02/09/2026
[fontresizer_tawhidurrahmandear_widget]

‘പഴയതുപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല, ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി’; നിതിൻ ഗഡ്കരി

 ‘പഴയതുപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല, ഉത്തരവാദിത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി’; നിതിൻ ഗഡ്കരി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ നിർണായക പ്രസ്താവനയുമായി മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായ നിതിൻ ഗഡ്കരി. മുൻകാലങ്ങളിലെപ്പോലെ കൂടുതൽ സമയം ജോലിചെയ്യാൻ ഇപ്പോൾ തനിക്ക് കഴിയുന്നില്ലെന്നും, അതിനാൽ ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറാൻ സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

നാഗ്‌പുരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വർഷമായി പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആളാണ് താൻ. ഈ കാലയളവിൽ നിരവധി ഉയർച്ച താഴ്ചകൾ കണ്ടു, ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു. എന്നാൽ ഇപ്പോൾ പഴയതുപോലെ ജോലി ചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകണം. പുതിയ തലമുറ കടന്നുവരുമ്പോൾ അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി പഴയ തലമുറ ഒപ്പമുണ്ടാകണമെന്നും ഗഡ്‌കരി പറഞ്ഞു.

വരും വർഷങ്ങളിൽ രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി വലിയ തോതിൽ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ സംഘടനാ തലത്തിൽ വലിയ അഴിച്ചുപണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഗഡ്‌കരിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2015-ൽ അമിത് ഷാ പാർട്ടി അധ്യക്ഷനായിരുന്ന സമയത്തിന് ശേഷം ബി.ജെ.പിയിൽ നടക്കുന്ന ഏറ്റവും വലിയ സംഘടനാ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ ആഴ്‌ച ബി.ജെ.പി നേതൃത്വം പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിലെ 65 അംഗ സമിതിയിൽ 51 പേരും പുതിയ മുഖങ്ങളാണ്. പാർട്ടിയിൽ കാര്യമായ ഒരു തലമുറമാറ്റം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുനഃസംഘടന. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലും സമാനമായ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗഡ്‌കരിയുടെ വാക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്.

Also read: