02/09/2026
[fontresizer_tawhidurrahmandear_widget]

‘തെറ്റ് ആരുചെയ്താലും സിപിഎം പൊറുക്കില്ല, കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി’; ആഞ്ഞടിച്ച് പിണറായി വിജയൻ

 ‘തെറ്റ് ആരുചെയ്താലും സിപിഎം പൊറുക്കില്ല, കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി’; ആഞ്ഞടിച്ച് പിണറായി വിജയൻ

കണ്ണൂർ: പാർട്ടിയിൽ തെറ്റ് ചെയ്യുന്നത് ആരായാലും സിപിഎം ഒരുകാലത്തും പൊറുക്കില്ലെന്നും, അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ പ്രശ്നങ്ങളിൽ വി. കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയെന്നും, അദ്ദേഹം പാർട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്നും പിണറായി തുറന്നടിച്ചു.

പാർട്ടിക്കും എൽ.ഡി.എഫിനുമെതിരെ വരുന്ന ഏത് വലിയ കുത്തൊഴുക്കിനെയും പ്രതിരോധിക്കാൻ കരുത്തുള്ള മണ്ഡലമായിരുന്നു പയ്യന്നൂർ. പാർട്ടിയെ അത്രത്തോളം സ്നേഹിക്കുന്ന ജനങ്ങളുള്ള അവിടെ സി.പി.എമ്മിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിച്ചത്. സാധാരണഗതിയിൽ രാഷ്ട്രീയ എതിരാളികളാണ് ഇത്തരം നീക്കങ്ങൾ നടത്താറുള്ളതെങ്കിലും, ഇത്തവണ പാർട്ടിയുടെ നേതൃതലത്തിൽ നിന്നുകൊണ്ടുതന്നെ പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളുണ്ടായി. ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നതെന്നും, പാർട്ടിയെ തകർക്കാൻ മറ്റ് ബന്ധങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ അവിടെ സത്യത്തിനും വസ്തുതകൾക്കും മങ്ങലേൽക്കുകയും തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

സ്വന്തം സഖാക്കൾ സാധാരണ കമ്മ്യൂണിസ്റ്റ് രീതിയിൽ ജീവിതം നയിക്കേണ്ടവരാണ്. എന്നാൽ അതിന് നിരക്കാത്തതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതുമായ കാര്യങ്ങൾ ചെയ്താൽ, അത് ചെയ്തത് ആരായാലും സി.പി.എം കടുത്ത നടപടികളിലേക്ക് കടക്കും. അതാണ് എല്ലാക്കാലത്തും പാർട്ടിയുടെ രീതി. കുഞ്ഞിക്കൃഷ്ണൻ പ്രവർത്തിച്ചത് പാർട്ടി വികാരത്തോടെയല്ലെന്നും, പാർട്ടിയുടെ ശത്രുക്കൾ മാത്രമാണ് സി.പി.എമ്മിന്റെ ഈ രീതിക്ക് മാറ്റം വന്നെന്ന് പ്രചരിപ്പിക്കുന്നതെന്നും പിണറായി വിമർശിച്ചു.

പാർട്ടി പറയുന്ന കാര്യങ്ങളിൽ യാതൊരു കാപട്യവുമില്ല, ജനങ്ങളെ വഞ്ചിക്കുന്ന നിലപാടും പാർട്ടി സ്വീകരിക്കാറില്ല. തികഞ്ഞ സത്യസന്ധതയോടെയാണ് കാര്യങ്ങൾ പരസ്യമായി പറയുന്നത്. തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ചയെ സി.പി.എം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പാർട്ടിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കെതിരെ പ്രവർത്തിച്ചവർ പുനർവിചിന്തനം നടത്തി തെറ്റുതിരുത്തി പാർട്ടിക്കൊപ്പം തിരികെ ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: