02/09/2026
[fontresizer_tawhidurrahmandear_widget]

പല്ല് തേക്കാൻ 47,000 രൂപയുടെ ബ്രഷോ? ക്യാമറയും എഐയും ഘടിപ്പിച്ച ടൂത്ത് ബ്രഷുമായി ഡെയ്സൺ; വിപണിയിലെത്തിച്ച് കമ്പനി

 പല്ല് തേക്കാൻ 47,000 രൂപയുടെ ബ്രഷോ? ക്യാമറയും എഐയും ഘടിപ്പിച്ച ടൂത്ത് ബ്രഷുമായി ഡെയ്സൺ; വിപണിയിലെത്തിച്ച് കമ്പനി

499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലയുള്ള എഐ അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷ് ഔദ്യോഗികമായി മാർക്കറ്റിലെത്തിച്ച് ഡെയ്സൺ. സംഗതി വിപണിയിലെത്തിയതിന് പിന്നാലെ ഉത്പന്നത്തിന്റെ അമിത വിലയും ആവശ്യകതയും സ്വകാര്യതാ ലംഘനവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.

‘വായ്ക്കുള്ളിലെ കാഴ്ച കണ്ടൊരു പല്ല് തേപ്പ്’


‘ഫ്ലോസർ അടങ്ങിയ ഡെയ്സണിന്റെ ക്യാമറ ജെറ്റ് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് വായ്ക്കുള്ളിലെ ഗ്യാപ്പുകളും പ്രിസിഷൻ-ഫ്ലോസും കണ്ടെത്താനും നന്നായി പല്ലും വായും വൃത്തിയാക്കാനും കഴിയുകയൊള്ളൂ’ എന്ന് പുതിയ ഉത്പന്നത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് ഡെയ്സൺ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

ഡെയ്സണിന്റെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള പരസ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് വിമർശനവുമായി രംഗത്തെത്തിയത്. ചിലർ ഈ ഉത്പന്നത്തെ ദൂരെ കളയണമെന്ന് കുറിച്ചപ്പോൾ മറ്റ് ചിലർ അതൊരു അവശ്യസാധനമാണെന്നായിരുന്നു എഴുതിയത്. അതേസമയം മറ്റ് ചിലർ സ്വകാര്യതാ പ്രശ്നം ഉന്നയിച്ച് രംഗത്തെത്തി. അവർ ടൂത്ത് ബ്രഷിൽ ഘടിപ്പിച്ച ക്യാമറ, വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എഴുതി.

സമ്മിശ്ര പ്രതികരണം

‘എനിക്ക് ആ വീഡിയോ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാൻ കഴിയുമോ എന്ന് തമാശ രൂപേണ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. ജനങ്ങൾക്ക് പല്ല് തേക്കണ്ടത് എങ്ങനെ എന്ന് അറിയില്ലേ? അതുകൊണ്ടാണോ ക്യാമറ ഘടിപ്പിച്ച് ബ്രഷ്?’ എന്നായിരുന്നു മറ്റൊരാളുടെ സംശയം. ‘ഞാനൊരു നാലാം വർഷ ദന്തവിദ്യാർത്ഥിയാണ്. അടുത്ത വർഷം പാസൗട്ടാകും. ഈ പ്രോഡക്റ്റ് പരിശോധിക്കാൻ എനിക്ക് വലിയ താത്പര്യമുണ്ട്’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ക്യാമറ ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷ്

പ്രിസിഷൻ-ഫ്ലോസിലെ വിടവുകൾ നേരിട്ട് കണ്ട് വൃത്തിയാക്കാൻ കഴിയുന്ന ആദ്യത്തെ ക്യാമറ ഘടിപ്പിച്ച ഉത്പന്നമാണ് ഇതെന്നും 499.99 ഡോളറാണ് വിലയുള്ള ഉത്പന്നം മൂന്ന് നിറത്തിൽ മാർക്കറ്റിൽ ലഭ്യമാണെന്നും ഡെയ്സൺ വിശദമാക്കുന്നു. സെക്കന്റിൽ 28 ഓളം ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഗ്യാപ് ഓപ്റ്റിക്കൽ ടാർഗറ്റ് ചെയ്യുന്ന 100 K പിക്സൽ മാക്രോ ലെൻസ് ക്യാമറയാണ് ടൂത്ത് ബ്രഷിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

മൈ ഡെയ്സൺ ആപ്പ് ഉപയോഗിച്ച് ഈ ദൃശ്യങ്ങൾ കാണാമെന്നും ആവശ്യമുള്ളപ്പോൾ ക്യാമറ ഓണും ഓഫും ചെയ്യാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. പല്ല് തേക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ ആപ്പിലൂടെ കാണാം. എന്നാൽ ഈ ദൃശ്യങ്ങൾ തങ്ങൾ സൂക്ഷിച്ച് വയ്ക്കില്ലെന്നും ദൃശ്യങ്ങൾ ഡെയ്സണോ ക്ലൗഡിലോ ശേഖരിച്ച് വയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

Also read: