03/09/2026
[fontresizer_tawhidurrahmandear_widget]

‘സുകുമാരക്കുറുപ്പുമായി ബന്ധമില്ല, എല്ലാത്തിനും കാരണം പാരിജാതന്‍’; തുറന്ന് പറഞ്ഞ് ദാമോദര മേനോന്‍

 ‘സുകുമാരക്കുറുപ്പുമായി ബന്ധമില്ല, എല്ലാത്തിനും കാരണം പാരിജാതന്‍’; തുറന്ന് പറഞ്ഞ് ദാമോദര മേനോന്‍

തൃശൂർ/ബ്രൂണെ: സുകുമാരക്കുറുപ്പായി ചിത്രീകരിക്കപ്പെട്ടതടക്കം തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളുടെ മൂലകാരണം പാരിജാതനാണെന്ന് ബ്രൂണെയിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശി ദാമോദര മേനോൻ. 1996 മുതൽ പാരിജാതനുമായുണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളും വിശദീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. സുകുമാരക്കുറുപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1996-ൽ ബ്രൂണെയിൽ ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർഥികളുടെ ബയോഡേറ്റ ആവശ്യപ്പെട്ടാണ് പാരിജാതൻ തന്നെ സമീപിച്ചതെന്ന് ദാമോദര മേനോൻ പറയുന്നു. തുടർന്ന് നൽകിയ രണ്ട് സിവിൽ എൻജിനീയർമാരുടെ ബയോഡേറ്റ വഴി അവർക്ക് ജോലി ലഭിക്കാൻ സഹായങ്ങൾ ചെയ്തു. ഓരോ ഉദ്യോഗാർഥിക്കും 450 ഡോളർ വീതം കമ്മീഷൻ നൽകാമെന്ന് ഏറ്റിരുന്നെങ്കിലും, പിന്നീട് ഉദ്യോഗാർഥികളാണ് പണം നൽകേണ്ടതെന്ന് പറഞ്ഞ് പാരിജാതൻ പിന്മാറി. എന്നാൽ ഉദ്യോഗാർഥികൾ നേരത്തെ തന്നെ പാരിജാതന് വലിയ തുക നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതോടെ താൻ ആ വിഷയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.

താൻ ഉപയോഗിക്കാതിരുന്ന കാർ വാങ്ങി കേടുവരുത്തി തിരികെ നൽകിയതും അറ്റകുറ്റപ്പണിയുടെ പണം നൽകതിരുന്നതും പാരിജാതനാണെന്ന് അദ്ദേഹം ആരോപിച്ചു. പാരിജാതന്റെ അടുത്ത ബന്ധുവായ തിരുവിക്രമൻ തമ്പിയുമായി നടത്തിയ കരാർ ജോലികളുടെ പണം ലഭിക്കാതെ താൻ വഞ്ചിക്കപ്പെട്ടു. അടുത്തിടെ പാരിജാതനും തിരുവിക്രമൻ തമ്പിയും മറ്റൊരാളും തന്നെ സമീപിച്ചപ്പോൾ കുറുപ്പിനെക്കുറിച്ചാണ് അന്വേഷിച്ചതെന്നും, ‘കുറുപ്പ് തന്റെ സുഹൃത്തോ ശത്രുവോ അല്ല, അദ്ദേഹത്തെക്കുറിച്ച് അറിയില്ല’ എന്ന് താൻ വ്യക്തമാക്കിയതായും ദാമോദര മേനോൻ പറഞ്ഞു.

ഇതിനിടെയാണ് തന്നെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വ്യാഖ്യാനിച്ച് ഒരു ചാനൽ റിപ്പോർട്ട് പുറത്തുവന്നത്. ഇതിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ദാമോദര മേനോൻ, റിപ്പോർട്ടിന് ആധാരമായ തെളിവുകളും ഔദ്യോഗിക സ്ഥിരീകരണവും എന്താണെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. പഴയ ഇടപാടുകൾ വച്ച് തന്നെ വലിയൊരു പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തന്റെ ഭാഗം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികൃതരോട് അവസരം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: