മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് സിഎംഒ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ (CMO KERALAM) നിന്ന് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി നൽകി. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപനവും നബിദിന ആശംസയും അടങ്ങിയ രണ്ട് പോസ്റ്റുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
പോസ്റ്റുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐ.ടി മന്ത്രാലയം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ അയച്ച കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 19-നാണ് ആശാ പ്രവർത്തകർക്ക് 1,450 രൂപ വീതം ഉത്സവബത്ത അനുവദിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ഫേസ്ബുക്ക് പേജ് വഴി അറിയിച്ചത്. രണ്ടാമത്തെ പോസ്റ്റ് നബിദിനത്തോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ആശംസയായിരുന്നു. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തിൽ മെറ്റയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.