‘വിന്റേജ് ലുക്ക് മാത്രമല്ല, 80-കളിലെ ജീവിതവും’; പവർകട്ടിൽ സർക്കാരിനെ ട്രോളി വി.കെ പ്രശാന്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അടിക്കടിയുള്ള പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് വി.കെ പ്രശാന്ത്. സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന വിന്റേജ് ട്രെൻഡുകളോട് നിലവിലെ വൈദ്യുതി പ്രതിസന്ധിയെ ഉപമിച്ചാണ് പ്രശാന്ത് ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.
സോഷ്യൽ മീഡിയയിൽ ആളുകൾ 80-കളിലെ ലുക്ക് ട്രെൻഡാക്കുമ്പോൾ, ഇവിടെ ‘പൂക്കി സർക്കാർ’ ഒരുപടി കൂടി മുന്നോട്ടുപോയി 80-കളിലെ ജീവിതം തന്നെ പുനഃസൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. “വിന്റേജ് ലുക്ക് മാത്രം പോരല്ലോ, വിന്റേജ് പവർകട്ടും കൂടെ വേണമല്ലോ, എന്താല്ലേ” എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
സംസ്ഥാനത്ത് മുൻകൂട്ടി അറിയിപ്പില്ലാതെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിലും ലോഡ്ഷെഡ്ഡിംഗിലും പൊതുജനങ്ങൾക്കിടയിൽ അമർഷം ശക്തമാകുന്നതിനിടെയാണ് വി.കെ പ്രശാന്തിന്റെ ട്രോൾ രൂപത്തിലുള്ള പോസ്റ്റ് വൈറലാകുന്നത്.