‘ഉത്സവങ്ങൾ എല്ലാവർക്കും ആസ്വദിക്കാനുള്ളത്’; നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിംകളെ വിലക്കണമെന്ന നിലപാടിനെ എതിർത്ത് അമൃത ഫഡ്‌നാവിസ്
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്ലിങ്ങളെ പൂർണ്ണമായി വിലക്കണമെന്ന വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നിർദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വി.എച്ച്.പി തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് തന്നെ പരസ്യമായി രംഗത്തു വന്നു. വി.എച്ച്.പിയുടെ ഇത്തരം നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും വ്യക്തമാക്കി.
ഉത്സവങ്ങൾ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണെന്നും നവരാത്രി ആഘോഷങ്ങളിൽ മുസ്ലിംകൾ പങ്കെടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്നുമായിരുന്നു അമൃത ഫഡ്‌നാവിസിന്റെ പ്രതികരണം. മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഒരാൾ അവിടെ വന്ന് ഉത്സവം ശരിയായി ആസ്വദിക്കുകയാണെങ്കിൽ അതിൽ താൻ ഒരു തെറ്റും കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, നവരാത്രി വേളകളിൽ മുസ്ലിംകളെ വിലക്കണമെന്നും അല്ലാത്തപക്ഷം അത് ലവ് ജിഹാദ് വർധിക്കാൻ കാരണമാകുമെന്നും ആരോപിച്ചാണ് നിതീഷ് റാണ വി.എച്ച്.പി നിലപാടിന് പിന്തുണ അറിയിച്ചിരുന്നത്. വിഗ്രഹ ആരാധന പിന്തുടരാത്ത വിഭാഗക്കാർ ഹിന്ദു മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബർ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷ വേളകളിൽ മഹാരാഷ്ട്രയിലുടനീളമുള്ള ‘ഗർബ’, ‘ദണ്ഡിയ’ വേദികളിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കില്ലെന്നാണ് വി.എച്ച്.പി പ്രഖ്യാപിച്ചിരിക്കുന്നത്.
വി.എച്ച്.പിയുടെ ഇത്തരമൊരു ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ വ്യക്തമാക്കി. ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾ അനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും എല്ലാ മതത്തിൽപ്പെട്ടവർക്കും ഇവിടെ തുല്യാവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിംകൾ ഗർബയിൽ പങ്കെടുക്കരുതെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കായി ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജസ്ഥാനിലെ അജ്മീർ ഷെരീഫ് ദർഗയിൽ വലിയൊരു വിഭാഗം ഹിന്ദുക്കൾ പങ്കെടുക്കാറുള്ള കാര്യവും അത്താവലെ എടുത്തുപറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കർ നൽകിയ ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പങ്കെടുക്കുന്നവർ ഹിന്ദുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി ആധാർ കാർഡ് പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നുമാണ് വി.എച്ച്.പിയുടെ പ്രധാന നിർദ്ദേശങ്ങൾ. വി.എച്ച്.പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായരാണ് നവരാത്രി ആഘോഷങ്ങളിൽ മുസ്ലിംകൾ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം വിശദീകരിച്ചത്. നവരാത്രി ഉത്സവം പാട്ടും നൃത്തവും മാത്രമല്ലെന്നും അത് ദേവി പൂജ കൂടിയാണെന്നുമാണ് വി.എച്ച്.പിയുടെ വാദം. വിഗ്രഹാരാധനയെ എതിർക്കുന്ന മുസ്ലിംകൾ എന്തിനാണ് ഈ ഉത്സവത്തിൽ പങ്കാളികളാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ മുസ്ലിംകളെ വിലക്കുന്നത് ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരായതുകൊണ്ടല്ലെന്നും, മുൻകരുതൽ നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.