‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന് മാന്ത്രിക വടിയില്ല; ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണം’; കെ.എസ്.ഇ.ബി എം.ഡി
കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ കൈവശം മാന്ത്രികവടിയൊന്നും ഇല്ലെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി രാജമാണിക്കം. പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾ സ്വയം വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ’ എക്സ്പ്രസ് ഡയലോഗ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ നിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും താപനിലയിലെ അസാധാരണ വർധനയുമാണ് വൈദ്യുതി ഉപയോഗം കുത്തനെ കൂടാൻ കാരണമായത്.
സാധാരണയായി മഴക്കാലത്ത് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗ സമയത്തെ (പീക്ക് ഹവർ) ആവശ്യകത 4,000 മെഗാവാട്ടിന് അടുത്തായിരുന്നെങ്കിൽ, ഈ വർഷമത് 4,800 മുതൽ 5,000 മെഗാവാട്ട് വരെയായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ പീക്ക് പവർ ആവശ്യകത റെക്കോർഡ് ഉയരമായ 5,400 മെഗാവാട്ടിലെത്തിയിരുന്നു. എന്നാൽ കെ.എസ്.ഇ.ബിക്ക് ലഭ്യമായത് 4,200 മെഗാവാട്ട് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ശരാശരി ആവശ്യകത 4,224 മെഗാവാട്ട് മാത്രമായിരുന്നു.
സംസ്ഥാനത്തെ പ്രധാന ആഭ്യന്തര സ്രോതസ്സായ ജലവൈദ്യുത പദ്ധതികളുടെ ആകെ പരമാവധി ഉൽപ്പാദന ശേഷി 1,750 മെഗാവാട്ട് മാത്രമാണ്. ഉപഭോഗം ഇതിലും എത്രയോ മുകളിലാണുള്ളത്. ഇടുക്കിക്ക് ശേഷം വലിയൊരു വൈദ്യുതി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ, രാജ്യവ്യാപകമായി 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങൾ കൂടിയ വില നൽകിയാലും വൈദ്യുതി നൽകാൻ തയ്യാറാകുന്നില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ ലഭ്യമായ വിഭവങ്ങൾ പരമാവധി ക്രമീകരിക്കുക മാത്രമാണ് കെ.എസ്.ഇ.ബിക്ക് മുന്നിലുള്ള പോംവഴി.
വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ സ്വമേധയാ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാത്രി 7 മണിക്കും അർധരാത്രിക്കും ഇടയിലുള്ള പീക്ക് ഹവറിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. ഈ സമയങ്ങളിൽ എ.സി അടക്കമുള്ള അത്യാവശ്യമല്ലാത്ത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാനും, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് മറ്റ് സമയങ്ങളിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഊർജ്ജ സംരക്ഷണത്തിലൂടെ ഏകദേശം 900 മെഗാവാട്ട് വൈദ്യുതി ലാഭിക്കാൻ കഴിയുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വൈദ്യുതി നിയന്ത്രണം വന്നതെന്ന് വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.
നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ആര് ഭരിച്ചാലും നിയന്ത്രണം അനിവാര്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 22 ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. പുറത്തുനിന്ന് അധികമായി വാങ്ങാൻ കിട്ടാനുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ പല സ്രോതസ്സുകളുള്ളപ്പോൾ കേരളത്തിൽ ജലവൈദ്യുതി മാത്രമാണുള്ളത്. അതുകൊണ്ട് ഈ സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകില്ല. വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ ‘ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’ കൂടുതൽ വിപുലമാക്കുമെന്നും കെ.എസ്.ഇ.ബി എം.ഡി വ്യക്തമാക്കി.