‘പണമല്ല പവറാണ് പ്രശ്നം; കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങും’, കിട്ടാവുന്ന എല്ലാ മാർഗവും നോക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പണമല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സ്ഥാപനമായതിനാൽ എൻടിപിസിയുമായി കരാറിലേർപ്പെടുന്നതിൽ മറ്റ് നിയമതടസ്സങ്ങളോ ആക്ഷേപങ്ങളോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മുൻപ് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭ്യമായിരുന്ന 465 മെഗാവാട്ട് വൈദ്യുതിയുടെ ദീർഘകാല കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആ കരാർ നിലനിന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. കരാർ റദ്ദാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അന്നത്തെ സർക്കാരിന് പിന്നീട് മനസ്സിലായെങ്കിലും നടപടികൾ വൈകിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിക്കേണ്ടിയിരുന്ന വൈദ്യുതി ഇപ്പോൾ 30 രൂപ വരെ നൽകി വാങ്ങേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ആവശ്യമായി വന്നാൽ ബോർഡിന്റെ പണത്തിന് പകരം സർക്കാർ ഫണ്ട് ഉപയോഗിക്കും. റദ്ദാക്കിയ പഴയ കരാർ പുനഃസ്ഥാപിക്കാൻ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുൻ കരാർ റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.