27/09/2026
[fontresizer_tawhidurrahmandear_widget]

ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക; അസാധാരണ നീക്കം ആർക്കെതിരെ? | US Weapons Deployment in Space

 ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക; അസാധാരണ നീക്കം ആർക്കെതിരെ? | US Weapons Deployment in Space

വാഷിങ്ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് പരസ്യമായി സ്ഥിരീകരിച്ച് അമേരിക്ക(US Weapons Deployment in Space ). ഭൂമിയുടെ ഭ്രമണപഥത്തിലാണ് ആയുധങ്ങൾ സജ്ജമാക്കിയതെന്നാണു വിവരം. ഇതാദ്യമായാണ് യുഎസ് ഭരണകൂടം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയ്ങ്ക് ആണ് വാർഷിക എയർ, സ്‌പേസ്, സൈബർ കോൺഫറൻസിൽ സംസാരിക്കവെ തങ്ങൾക്ക് ഭ്രമണപഥത്തിൽ ബഹിരാകാശ നിയന്ത്രണ ആയുധങ്ങളുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഈ സംവിധാനങ്ങൾ നിലവിൽ വിന്യസിക്കപ്പെട്ട നിലയിലാണെന്നും ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മാറിമാറി വരുന്ന ഭീഷണികളെ എവിടെവച്ചും നേരിടാൻ രാജ്യം സദാ സജ്ജമാണെന്ന് ഉറപ്പുവരുത്താനാണു നടപടിയെന്ന് ട്രോയ് മെയ്ങ്ക് വിശദീകരിച്ചു. എന്നാൽ, ആയുധങ്ങളുടെ സവിശേഷതകളോ സാങ്കേതിക വിവരങ്ങളോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. ശത്രുരാജ്യങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനായി കായികമായതും അല്ലാത്തതുമായ ആഘാതങ്ങൾ ഏൽപ്പിക്കുന്ന മാർഗങ്ങൾ ഉപയോഗിക്കുന്നതിനെയാണ് ബഹിരാകാശ നിയന്ത്രണം എന്ന് അർത്ഥമാക്കുന്നതെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് വക്താവ് വ്യക്തമാക്കി. ഇത് ആക്രമണത്തിനും പ്രതിരോധ ആവശ്യങ്ങൾക്കുമായി ഒരുപോലെ പ്രയോജനപ്പെടുത്താമെന്നും സൈനിക കേന്ദ്രങ്ങൾ വിശദീകരിച്ചു.

വാഷിങ്ടൺ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് ചൈന | US Weapons Deployment in Space

അമേരിക്കയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അമേരിക്ക ബഹിരാകാശത്ത് യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്ന് ചൈനീസ് വൃത്തങ്ങൾ ആരോപിച്ചു. ബഹിരാകാശത്തെ സമാധാനപൂർണമായ അന്തരീക്ഷത്തെ യുദ്ധക്കളമാക്കി മാറ്റരുതെന്നും ആയുധമത്സരത്തിലേക്ക് തള്ളിവിടരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

ഉപഗ്രഹങ്ങളുടെ സിഗ്‌നലുകൾ തടസ്സപ്പെടുത്തുന്ന ജാമറുകൾ മുതൽ മറ്റ് വസ്തുക്കളെ വെടിവച്ചിടാൻ കഴിയുന്ന മിസൈൽ ശേഷികൾ വരെ ഉൾപ്പെടുന്ന ബഹിരാകാശ ആയുധങ്ങൾക്കായി വൻശക്തികൾ രഹസ്യമായി പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ, സ്വന്തം ഭ്രമണപഥത്തിലെ ആയുധശേഷിയെക്കുറിച്ച് ഒരു രാജ്യം ആദ്യമായി ഇത്തരത്തിൽ ഔദ്യോഗികമായി വെളിപ്പെടുത്തൽ നടത്തുന്നത് വൻ സുരക്ഷാ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ചൈനയും റഷ്യയും ആയുധങ്ങൾ വിന്യസിച്ചേക്കും | US Weapons Deployment in Space

അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യയും ചൈനയും സമാനമായ രീതിയിൽ ഭ്രമണപഥത്തിൽ സ്വന്തം ആയുധങ്ങൾ വിന്യസിച്ച് മറുപടി നൽകുമെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ പറഞ്ഞു. രഹസ്യ പേലോഡുകളുള്ള ഉപഗ്രഹങ്ങൾ നേരത്തെ തന്നെ വിന്യസിച്ചിരുന്നതിനാൽ അമേരിക്കയ്ക്ക് ഭ്രമണപഥത്തിൽ ഇത്തരം ആയുധങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നത് സ്വാഭാവികമാണ്. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ നടപടി അമേരിക്കയുടെ ദേശീയ താൽപര്യങ്ങൾക്ക് ഗുണകരമാകുമോ എന്നത് സംശയകരമാണ്. ചൈനയിൽനിന്നും തുല്യമായ പ്രതികരണം ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.

ഒരു യുഎസ് ഉദ്യോഗസ്ഥനും ഇതുവരെ പരസ്യമായി സമ്മതിക്കാത്ത വലിയൊരു കാര്യമാണിതെന്ന് സെക്യൂർ വേൾഡ് ഫൗണ്ടേഷൻ ഡയറക്ടർ വിക്ടോറിയ സാംസൺ പ്രതികരിച്ചു. റഷ്യയും ചൈനയും ഇതേ പാത പിന്തുടരുമെന്ന യാഥാർത്ഥ്യം ഇനി അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി. 1950കളിൽ ശീതയുദ്ധ കാലത്ത് ഉപഗ്രഹങ്ങളെ തകർക്കാനുള്ള വഴികൾ ഇരുപക്ഷവും തേടിയിരുന്നുവെങ്കിലും 1967ലെ ഔട്ടർ സ്‌പേസ് ഉടമ്പടി പ്രകാരം കൂട്ടനശീകരണ ആയുധങ്ങൾ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നത് അന്താരാഷ്ട്ര സമൂഹം വിലക്കിയിരുന്നു.

ഭ്രമണപഥത്തിലെ മാലിന്യഭീതിയും ഭാവിയും | US Weapons Deployment in Space

മണിക്കൂറിൽ ആയിരക്കണക്കിന് മൈൽ വേഗതയിൽ ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നതിനാൽ ഭ്രമണപഥത്തിൽ ഉണ്ടാകുന്ന ചെറിയൊരു സംഘർഷം പോലും വിനാശകരമായ പ്രതികരണങ്ങൾക്ക് വഴിവെക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു. 2021-ൽ റഷ്യ സ്വന്തം ഉപഗ്രഹം മിസൈൽ അയച്ച് തകർത്തപ്പോൾ വലിയ തോതിൽ ബഹിരാകാശ അവശിഷ്ടങ്ങൾ രൂപപ്പെട്ടത് ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു. പരസ്പരമുള്ള ഏറ്റുമുട്ടലുകൾ ബഹിരാകാശത്തെ അതിവേഗ ലോഹക്കഷണങ്ങളാൽ മൂടുമെന്നും അത് സാധാരണ ആശയവിനിമയ ഉപഗ്രഹങ്ങളെപ്പോലും തകർക്കുമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രം വിനിയോഗിക്കുക എന്ന നയത്തിൽ നിന്ന് അമേരിക്ക വ്യതിചലിക്കുകയാണെന്ന് ജോനാഥൻ മക്‌ഡൊവൽ കുറ്റപ്പെടുത്തി. ബഹിരാകാശത്തെ സംഘർഷങ്ങൾ സ്വാഭാവികമായ ഒന്നായി കാണുന്ന അപകടകരമായ മാനസികാവസ്ഥയാണ് ഇപ്പോൾ വളർന്നുവരുന്നത്. ഈ തെറ്റായ വഴിയിൽ നിന്ന് പിന്മാറാൻ ഇനിയും വൈകിയിട്ടില്ലെന്നും ബഹിരാകാശത്തെ പ്രധാന എതിരാളികളായ ചൈനയുമായി സഹകരിച്ച് പ്രവർത്തിക്കാനും തങ്ങളുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും അമേരിക്കൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഈ വെളിപ്പെടുത്തൽ വലിയ നയതന്ത്ര പോരാട്ടങ്ങൾക്ക് വഴിവെക്കും.

Also read: