വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും വൻതോതിൽ എംഡിഎംഎ വിൽപന നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി. മമ്പാട് എംഇഎസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം താൽക്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി ടി.എൻ റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് റീനയുടെ വീടിനുസമീപം ഉപേക്ഷിക്കപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തി. ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാരത്തിൽ അധ്യാപകനുള്ള പങ്ക് പുറത്തുവന്നത്.
മൂന്ന് വർഷമായി മമ്പാട് കോളജിൽ ജോലി ചെയ്യുന്ന സുഹൈൽ, കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലെ മൊത്തവിതരണക്കാരിൽനിന്നാണ് രാസലഹരി വാങ്ങിയിരുന്നത്. ഇവ ചെറിയ അളവുകളിലാക്കി ഉയർന്ന വിലയ്ക്കാണ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിറ്റിരുന്നത്. അധ്യാപകൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നിലമ്പൂർ ഡിവൈഎസ്പി കെ. റഫീക്കിന്റെ നിർദേശപ്രകാരം നിലമ്പൂർ സി.ഐ എൻ.ബി. ഷൈജു, എസ്.ഐ കെ.എം. അർഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണം കൂടുതൽ കണ്ണികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.