27/09/2026
[fontresizer_tawhidurrahmandear_widget]

‘അവിടുത്തെ കാര്യങ്ങളിൽ മെന്റലി ഒക്കെയായിരുന്നില്ല, കേട്ടത് താങ്ങാവുന്നതിലും അപ്പുറം; ഒരു ലക്ഷത്തിന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ചു’: അഫ്ഗാൻ അനുഭവങ്ങൾ പങ്കുവച്ച അരുണിമ

 ‘അവിടുത്തെ കാര്യങ്ങളിൽ മെന്റലി ഒക്കെയായിരുന്നില്ല, കേട്ടത് താങ്ങാവുന്നതിലും അപ്പുറം; ഒരു ലക്ഷത്തിന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ചു’: അഫ്ഗാൻ അനുഭവങ്ങൾ പങ്കുവച്ച അരുണിമ

അഫ്ഗാനിസ്ഥാൻ യാത്രയ്ക്കിടെ താലിബാന്റെ കസ്റ്റഡിയിലാവുകയും പിന്നീട് സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്ത മലയാളി യാത്രിക അരുണിമ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ച് തന്റെ ഐഫോൺ എറിഞ്ഞുപൊട്ടിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. തനിക്കെതിരെ ഉണ്ടായ മോശം പരാമർശങ്ങളിലും വ്യാജ പ്രചാരണങ്ങളിലും സഹികെട്ടാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ എറിഞ്ഞുപൊട്ടിച്ചതെന്ന് അരുണിമ തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു.

താലിബാൻ തടഞ്ഞുവച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഇടപെടലോടെയാണ് അരുണിമ ഡൽഹി വഴി കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയ ശേഷം ദിവസങ്ങളോളം ഫോൺ നോക്കിയിരുന്നില്ലെന്നും, രാവിലെ റിയാക്ഷൻ വീഡിയോകൾ കണ്ടപ്പോഴാണ് നിയന്ത്രണം വിട്ടതെന്നും അരുണിമ പറയുന്നു.

“എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കിൽ ഞാൻ അംഗീകരിച്ചേനെ. അഫ്ഗാനിസ്ഥാനിൽ കണ്ട കാര്യങ്ങളുടെ ഒരു അഞ്ച് ശതമാനം മാത്രമാണ് ഞാൻ പറഞ്ഞത്. പറഞ്ഞാൽ അവിടെ നടന്ന കാര്യങ്ങൾ ആർക്കും പിടി കിട്ടില്ല. അവിടുത്തെ അനുഭവങ്ങളിൽ നിന്ന് മാനസികമായി ഒക്കെയാകാതെയാണ് ഞാൻ നാട്ടിലെത്തിയത്. എന്നാൽ വീഡിയോ കണ്ടപ്പോൾ കടുത്ത പ്രഷർ അനുഭവപ്പെടുകയും ഐഫോൺ എറിഞ്ഞുപൊട്ടിക്കുകയുമായിരുന്നു,” അരുണിമ വ്യക്തമാക്കി.

പച്ചത്തെറിയാണ് വായിൽ വരുന്നതെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പലരും സംസാരിച്ചതെന്നും അരുണിമ ആരോപിച്ചു. “എനിക്ക് രണ്ടു തന്തയാണെന്ന് വരെ പറഞ്ഞു. റീച്ചിനു വേണ്ടിയാണ് ഫോൺ പൊട്ടിച്ചതെന്ന് ചിലർ പറഞ്ഞേക്കാം. ഞാൻ നാണമില്ലാതെ മറ്റുള്ളവരുടെ കണ്ടന്റ് എടുക്കുന്നില്ല, എന്നാൽ അവരാണ് എന്റെ മുഖം വച്ച് മില്യൺ കാഴ്ചക്കാരെ ഉണ്ടാക്കുന്നത്,” അരുണിമ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നും ഷൂട്ട് ചെയ്ത മുഴുവൻ ദൃശ്യങ്ങളും ഈ ഫോണിലാണ് ഉണ്ടായിരുന്നത്. പിന്നീട് 26,000 രൂപ ചെലവഴിച്ചാണ് ഫോൺ നന്നാക്കിയതെന്നും അവർ വ്യക്തമാക്കി. പെർമിറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിലായിരുന്നു അഫ്ഗാനിസ്ഥാനിൽ വച്ച് താലിബാൻ അരുണിമയെ തടഞ്ഞുവച്ചത്.

Also read: