27/09/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ കൂടാരത്തിലിരുന്നാണെങ്കിലും പഠിക്കും’; മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതീക്ഷയോടെ ക്ലാസ്‌മുറികളിലേക്ക് മടങ്ങി ഗസ്സയിലെ കുട്ടികൾ

 ‘ഞങ്ങൾ കൂടാരത്തിലിരുന്നാണെങ്കിലും പഠിക്കും’; മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതീക്ഷയോടെ ക്ലാസ്‌മുറികളിലേക്ക് മടങ്ങി ഗസ്സയിലെ കുട്ടികൾ

ഗസ്സ: മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഗസ്സയിൽ കുട്ടികൾ വീണ്ടും ക്ലാസ്‌മുറികളിലേക്ക് തിരിച്ചെത്തി. സെപ്റ്റംബർ 19-നാണ് 2026-27 അധ്യയനവർഷത്തിന് തുടക്കമായത്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കും ടെന്റുകൾക്കും കീഴിലാണ് താൽക്കാലിക ക്ലാസുകൾ പുനരാരംഭിച്ചിരിക്കുന്നത്.

കൈയിൽ പുസ്തകങ്ങളോ ചുമലിൽ ബാഗുകളോ ഇല്ലാതെയാണ് ഭൂരിഭാഗം കുട്ടികളും എത്തിയത്. എങ്കിലും പഠനം പുനരാരംഭിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പ്രതീക്ഷയുമാണ് അവരുടെ മുഖങ്ങളിലുള്ളത്. ഗസ്സയിലുടനീളം 359 താൽക്കാലിക പഠനകേന്ദ്രങ്ങളാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്. ടെന്റുകൾ, ടാർപോളിൻ, ഷീറ്റ് മെറ്റൽ, മരം എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രാലയവും അന്താരാഷ്ട്ര-പ്രാദേശിക സംഘടനകളും ചേർന്നാണ് ഇവ ഒരുക്കിയത്.

കൂടാരത്തിൽ ഇരുന്നാണെങ്കിലും പഠനം തുടരുമെന്ന് മൂന്ന് വർഷത്തിന് ശേഷം സ്കൂളിലെത്തിയ മൊയാദ് അബു മുസ്‌തഫ എന്ന വിദ്യാർഥി പറഞ്ഞു. ഓൺലൈൻ പഠനത്തിൽ നിന്ന് മാറി നേരിട്ട് അധ്യാപകരെ കാണാനും സ്വപ്നങ്ങൾ പിന്തുടരാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് 15കാരിയായ സമർ അബു സൽമിയും വ്യക്തമാക്കുന്നു. അതേസമയം, പഠനകേന്ദ്രങ്ങളിലേക്ക് വരുമ്പോൾ ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം ഇപ്പോഴുമുണ്ടെന്ന് 14കാരനായ യാമൻ അബു സമ്ര പങ്കുവെച്ചു.

യുണിസെഫിന്റെ കണക്കനുസരിച്ച് ഗസ്സയിലെ 98 ശതമാനം സ്‌കൂളുകളും യുദ്ധത്തിൽ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിരുന്നു. 6.6 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് നേരിട്ടുള്ള വിദ്യാഭ്യാസം നഷ്ടമായത്. നിലവിൽ 5.4 ലക്ഷം കുട്ടികൾ താൽക്കാലിക കേന്ദ്രങ്ങളിലൂടെ പഠനത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരിട്ടെത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസുകളും തുടരും.

യുദ്ധത്തിൽ 22,000 വിദ്യാർഥികളും 532 അധ്യാപകർ ഉൾപ്പെടെ 770-ലേറെ വിദ്യാഭ്യാസ പ്രവർത്തകരും കൊല്ലപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. അടിസ്ഥാന പഠനസാമഗ്രികളുടെ കടുത്ത ദൗർലഭ്യവും വിലക്കയറ്റവും നിലനിൽക്കുമ്പോഴും അതിജീവനത്തിന്റെ പുതുവഴി തേടുകയാണ് ഗസ്സയിലെ കുരുന്നുകൾ.

Also read: