26/09/2026
[fontresizer_tawhidurrahmandear_widget]

‘അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളുടെ ഭാഗം മാത്രം, തീരുമാനങ്ങളെടുക്കുന്നത് ഒറ്റക്കെട്ടായി’; ഉദ്യോഗസ്ഥർ തമ്മിൽ തർക്കങ്ങളെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

 ‘അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളുടെ ഭാഗം മാത്രം, തീരുമാനങ്ങളെടുക്കുന്നത് ഒറ്റക്കെട്ടായി’; ഉദ്യോഗസ്ഥർ തമ്മിൽ തർക്കങ്ങളെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു സ്ഥാപനമെന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപുള്ള ചർച്ചകളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും ഭാഗമായി മാത്രമാണ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളെയും നിരീക്ഷണങ്ങളെയും കാണേണ്ടതെന്നാണ് കമ്മീഷന്റെ വിശദീകരണം. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് വളരെ സ്വാഭാവികമായ കാര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിൽ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ ഇരുവരും ഔദ്യോഗികമായി തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ നിന്നും ആളുകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവർ പ്രധാനമായും ആശങ്കയറിയിച്ചതെന്നും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

മൂന്ന് കമ്മീഷണർമാർക്ക് മാത്രമല്ല, കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും മികച്ചതുമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ അധികാരമുണ്ട്. ഒരു ബഹുമംഗ ഭരണഘടനാ സ്ഥാപനമായ കമ്മീഷന്റെ സാധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രേഖാമൂലമുള്ള കുറിപ്പുകളും സാങ്കേതിക നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ ഇത്തരം ചില പ്രത്യേക നിരീക്ഷണങ്ങളെ മാത്രം ഉയർത്തിക്കാട്ടുന്നത് ചിത്രത്തിന്റെ ഒരു വശം മാത്രമാണെന്നും, കഴിഞ്ഞ ഒരു വർഷമായി കമ്മീഷൻ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പുറത്തിറക്കുന്ന എല്ലാ ഉത്തരവുകൾക്കും തീരുമാനങ്ങൾക്കും ഭരണപരമായ നിർദ്ദേശങ്ങൾക്കും പൂർണ്ണ നിയമസാധുതയുണ്ടെന്നും, പൂർണ്ണ സത്യസന്ധതയോടെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അതേസമയം, ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും അനുകൂലമല്ലാത്ത വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ഇത്തരം പരിശോധനകൾ നടക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം തംരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനങ്ങൾ കടുപ്പിച്ചിട്ടുണ്ട്. തീരുമാനങ്ങളെടുക്കുന്നത് ഉദ്യോഗസ്ഥരെ അറിയിക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, നിലവിലെ ഉദ്യോഗസ്ഥരുടെ കീഴിൽ ഇനി തെരഞ്ഞെടുപ്പ് നടത്തരുതെന്നും കമ്മീഷൻ പൂർണ്ണമായും സുതാര്യമാകണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Also read: