‘സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത’; പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കണ്ണൂർ പാലത്തായിയിൽ പത്തുവയസ്സുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ.കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
പെൺകുട്ടിയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന പ്രതിഭാഗം വാദം പരിഗണിച്ചായിരുന്നു ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് പത്മരാജന് ജാമ്യം അനുവദിച്ചത്. എന്നാൽ, ക്രിമിനൽ അപ്പീൽ തീർപ്പാക്കുന്നതിന് മുൻപുള്ള ഇടക്കാല ഘട്ടത്തിൽ വിചാരണക്കോടതിയുടെ തെളിവുകൾ ഹൈക്കോടതി വിശദമായി പുനഃപരിശോധിച്ചത് നിയമവിരുദ്ധമാണെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ അപാകതകൾ കണ്ടെത്താതെ ശിക്ഷ സസ്പെൻഡ് ചെയ്ത നടപടി സുപ്രീംകോടതി മുൻവിധികളുടെ ലംഘനമാണെന്നും സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖി വഴി ഫയൽ ചെയ്ത ഹരജിയിൽ പറയുന്നു.
2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ വിദ്യാലയത്തിലെ ശുചിമുറിയിൽ വെച്ച് പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. വായ മൂടിക്കെട്ടിയും കൈകൾ കൂട്ടിക്കെട്ടിയുമായിരുന്നു പീഡനം. സംരക്ഷണം നൽകേണ്ട അധ്യാപകൻ തന്നെ ഇത്തരമൊരു ക്രൂരത ചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഈ കേസിൽ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവിതാവസാനം വരെയുള്ള തടവുശിക്ഷയാണ് പത്മരാജന് വിധിച്ചിരുന്നത്. എന്നാൽ കൊടിയ കുറ്റകൃത്യത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി കേവലം ഒരു വർഷവും 11 ദിവസവും മാത്രമാണ് ജയിലിൽ കഴിഞ്ഞതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളുടെ ശിക്ഷ സസ്പെൻഡ് ചെയ്യുമ്പോൾ കോടതികൾ അതീവ ജാഗ്രത പുലർത്തണമെന്ന ചട്ടം ഹൈക്കോടതി ഉത്തരവിലൂടെ ലംഘിക്കപ്പെട്ടുവെന്നും അപ്പീലിലുണ്ട്. ഇരയായ കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും മെഡിക്കൽ റിപ്പോർട്ടും അന്വേഷണ ഏജൻസികളുടെ പങ്കും ഈ അപ്പീൽ ഘട്ടത്തിൽ വിലയിരുത്തിയത് മുൻവിധികൾക്ക് എതിരാണെന്നും കേരളം വ്യക്തമാക്കി.