‘മുട്ടിൽ മരംമുറി കേസ് ഒതുക്കിത്തീർക്കാൻ നോക്കി; കേസുകൾ വേണ്ടെന്നുവെക്കാൻ എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു’: മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് നൽകിയ വിശദീകരണം വെറും പൊള്ളയാണെന്ന് മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. മുറിച്ചു കടത്തിയ മരവും ലോറിയും കണ്ടുകെട്ടാൻ വൈകിയതിന് സ്റ്റേ ഓർഡർ തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്ന് അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ച കുറ്റപത്രം മണിക്കൂറുകൾക്കകം തിരികെ നൽകിയത് കേസ് എത്രമാത്രം ദുർബലമാണെന്ന് വ്യക്തമാക്കുന്നു.
കേസിൽ മുൻ സർക്കാർ ശക്തമായ നടപടി എടുത്തില്ലെന്നും ജോസഫ് മാത്യു ആരോപിച്ചു. ഇത് 500 രൂപ പിഴയടച്ച് അവസാനിപ്പിക്കാവുന്ന കേസാണെന്നും അതിനാൽ വനംവകുപ്പ് വേറെ കേസ് എടുക്കേണ്ടതില്ലെന്നും അന്നത്തെ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു. കോടികൾ പിഴ ഈടാക്കാവുന്ന കേസായിരുന്നിട്ടും അതൊന്നും നടപ്പിലാക്കിയില്ല. കേസിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി എഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
വനംവകുപ്പ് കേസെടുത്തില്ലെങ്കിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും മാറ്റിയതെന്നും ജോസഫ് മാത്യു പറഞ്ഞു.