‘ബിഹാറില്‍ നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്തട്ടെ സര്‍ക്കാര്‍ കുലുങ്ങില്ല’-അമിത് ഷാ
പട്ന: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്തതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബിഹാറിലെ അര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുല്‍ ഗാന്ധിക്കു വേണമെങ്കില്‍ ബിഹാറില്‍നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്താം. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങില്ല. നുഴഞ്ഞുകയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല’-രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് അധികാര്‍ യാത്ര’യെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനെതിരെയും ‘ഇന്‍ഡ്യാ’ മുന്നണിക്കെതിരെയും ശക്തമായ ആക്രമണം അഴിച്ചുവിട്ട അമിത് ഷാ, രാഹുല്‍ ഗാന്ധിയുടെ കട അടപ്പിക്കുമെന്നും ബിഹാറില്‍ ഇന്ത്യാ സഖ്യം തുടച്ചുനീക്കപ്പെടുമെന്നും അവകാശപ്പെട്ടു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നക്‌സല്‍ ഭീഷണി ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ ചെങ്കൊടിയേന്തിയവര്‍ക്ക് ചെറിയ അവസരം ലഭിച്ചാല്‍ ബിഹാര്‍ വീണ്ടും ഇടതുപക്ഷ കലാപത്തിന്റെ പിടിയിലാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.