20/10/2026
[fontresizer_tawhidurrahmandear_widget]

നിറവും രൂപവും മാറ്റാം; ഏഴുതരം വാഹന മോഡിഫിക്കേഷനുകള്‍ അനുവദിച്ച് സര്‍ക്കാര്‍

 നിറവും രൂപവും മാറ്റാം; ഏഴുതരം വാഹന മോഡിഫിക്കേഷനുകള്‍ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് അനുമതി. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അയച്ചു.

എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) രേഖപ്പെടുത്തുകയും വേണം. ഇതനുസരിച്ച് വരുത്താവുന്ന മാറ്റങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ:

  1. നിറം മാറ്റൽ: റജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതിയോടെ, ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ നിറം മാറ്റാൻ പാടുള്ളൂ. പുതിയ നിറം സി.എം.വി.ആർ. ചട്ടം 121 പ്രകാരമോ കാലാകാലങ്ങളിൽ നിലവിലുള്ള എസ്.ടി.എ. തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ടതാകാൻ പാടില്ല.
  2. എൻജിൻ മാറ്റൽ: വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എൻജിൻ മാത്രമേ മാറ്റിവയ്ക്കാവൂ. പഴയ എൻജിൻ നിർമിച്ച അതേ കമ്പനിയുടെ എൻജിനായിരിക്കുകയും വേണം. ഇത് ആർ.സിയിൽ രേഖപ്പെടുത്തുകയും വേണം. മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവയ്ക്കുന്നത് (Engine swapping) അനുവദിക്കില്ല.
  3. ഷാസി ഫ്രെയിം മാറ്റിസ്ഥാപിക്കൽ: നിലവിലെ ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടെയും പുതിയ ഷാസി മാറ്റിവയ്ക്കാം. ഇതും ആർ.സിയിൽ രേഖപ്പെടുത്തണം. ഒരു തരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റിയെടുക്കാൻ പാടില്ല.
  4. ബോഡി ഘടനയിൽ മാറ്റം വരുത്തൽ: സി.എം.വി.ആർ. ചട്ടം 112 കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ബോഡി ഘടനയിൽ മാറ്റം വരുത്താവൂ. ഇതും ആർ.സിയിൽ ചേർക്കണം.
  5. അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് ഇന്ധനം മാറ്റൽ: ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ, വാഹന കമ്പനി ഡീലർ, സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ഷോപ്പ്, സംസ്ഥാന സർക്കാർ അംഗീകരിച്ച സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ ഇന്ധനം മാറ്റൽ ചെയ്യാവൂ. അതും അംഗീകൃത റിട്രോഫിറ്റ്മെന്റ് കിറ്റ് ഉപയോഗിച്ച് മാത്രം. ഇതും ആർ.സിയിൽ ഉൾപ്പെടുത്തണം.
  6. പ്രൊപ്പൽഷൻ സിസ്റ്റം മാറ്റൽ: അംഗീകൃത കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് മാത്രമേ പ്രൊപ്പൽഷൻ സിസ്റ്റം മാറ്റാവൂ. എല്ലാ പ്രവൃത്തികളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. വർക്ക് പൂർത്തിയായശേഷം ആർ.സിയിൽ രേഖപ്പെടുത്തുകയും വേണം.
  7. ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റൽ: ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചറർ, വാഹന നിർമ്മാതാവിന്റെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്ഷോപ്പ് അല്ലെങ്കിൽ സർവീസ് സ്റ്റേഷൻ എന്നിവർ മുഖേന മാത്രമേ സാധാരണ വാഹനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാവൂ. ഇതിനും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വ്യവസ്ഥകൾ ബാധകമായിരിക്കും.

റജിസ്റ്ററിംഗ് അതോറിറ്റികൾ നിർമ്മാതാവിന്റെ സ്പെസിഫിക്കേഷനുകളുടെയും വാഹനത്തിന്റെ ടൈപ്പ് അപ്രൂവൽ/പ്രോട്ടോടൈപ്പ് അപ്രൂവലിന്റെയും അടിസ്ഥാനത്തിലായിരിക്കും മോഡിഫിക്കേഷൻ അപേക്ഷകളിൽ നടപടി സ്വീകരിക്കുക. അനുവദിച്ച മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്ററിംഗ് അതോറിറ്റിക്കാണ്.

ഈ ഏഴുമാറ്റങ്ങൾക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗതാഗത കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.

Also read: