ഗോസംരക്ഷകരുടെ മറവില്‍ കന്നുകാലി കടത്ത്: മുന്‍ ബജ്‌റംഗ്ദള്‍ ഭാരവാഹിയടക്കം 4 പേര്‍ അറസ്റ്റില്‍
റായ്പൂര്‍: ഗോശാലകളിലേക്ക് സുരക്ഷിതമായി എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ശേഖരിച്ച കന്നുകാലികളെ കച്ചവടക്കാര്‍ക്ക് മറിച്ചുവിറ്റ കേസില്‍ മുന്‍ ബജ്‌റംഗ്ദള്‍ ഭാരവാഹിയടക്കം നാല് പേര്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായി. കാങ്കര്‍ ജില്ലയിലെ നര്‍ഹര്‍പൂരില്‍ നിന്ന് കടത്തിയ കന്നുകാലികളെ അയല്‍ ജില്ലയായ ധംത്തരിയിലാണ് വില്‍പ്പന നടത്തിയത്.
നര്‍ഹര്‍പൂരിലെ ഗ്രാമീണരെയും ഗ്രാമസമിതി തലവന്‍ ശരധു മാണ്ഡവിയെയും തെറ്റിധരിപ്പിച്ച് പ്രതികളായ ഗൗരവ് ഷോറി, ഹിമാന്‍ഷു തിവാരി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കാങ്കറിലെ പാണ്ഡ്രിപാനി ഗോശാലയില്‍ എത്തിക്കാമെന്ന പേരില്‍ സെപ്റ്റംബര്‍ 30-ന് രാത്രി ആറ് പിക്കപ്പ് വാനുകളിലായി 41 പശുക്കളെയും പശുക്കുട്ടികളെയും പ്രതികള്‍ കടത്തുകയായിരുന്നു. എന്നാല്‍ ഇവരെ ഗോശാലയില്‍ എത്തിക്കാതെ ധംത്തരിയിലെത്തിച്ച് ഹേമന്ത് യാദവ് എന്നയാള്‍ക്ക് 2.8 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.
പ്രാദേശിക കന്നുകാലി ഉടമയായ രവികാന്ത് താക്കൂര്‍ തന്റെ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഗോശാലയില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ കന്നുകാലികളെ അവിടെ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നര്‍ഹര്‍പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഗൗരവ് ഷോറി, ഹിമാന്‍ഷു തിവാരി, മനീഷ് ബാഗേല്‍, വിശ്വനാഥ് കൗശിക് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ധംത്തരിയില്‍ നിന്ന് 27 കന്നുകാലികളെ പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിന് പിന്നാലെ കാങ്കറില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഗോസംരക്ഷണത്തിന്റെ പേരില്‍ കാവി പതാകയേന്തുന്നവര്‍ കച്ചവടത്തിനായി കന്നുകാലികളെ കടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, മുഖ്യപ്രതിയായ ഗൗരവ് ഷോറിയെ 18 മാസം മുമ്പ് സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും മറ്റുള്ളവരുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും ബജ്‌റംഗ്ദള്‍ നേതൃത്വം വ്യക്തമാക്കി. ഗോസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.