മനുഷ്യാവകാശ ലംഘനം; കൊല്‍ക്കത്തയില്‍ മുസ്ലിം കോളനിയില്‍ ജലവിതരണം വിഛേദിച്ചതില്‍ ബിജെപിക്കെതിരെ യുഎന്നിനെ സമീപിച്ച് TMC എംപി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ജ്യോതി നഗർ മുസ്ലിം കോളനിയിൽ ബോധപൂർവം കുടിവെള്ള വിതരണം വിച്ഛേദിച്ച നടപടിയിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സമീറുൽ ഇസ്ലാം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് കത്തയച്ചു.
വടക്കൻ കൊൽക്കത്തയിലെ കാശിപൂർ-ബെൽഗാച്ചിയ മേഖലയിലുള്ള കോളനിയിലെ അയ്യായിരത്തോളം വരുന്ന നിവാസികളാണ് കഴിഞ്ഞ രണ്ട് മാസത്തോളമായി (50 ദിവസത്തിലേറെ) കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്. പ്രദേശവാസികൾ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായതിനാലും ബിജെപിയുടെ വോട്ട് ബാങ്കിന്റെ ഭാഗമല്ലാത്തതിനാലുമാണ് കുടിവെള്ളം തടഞ്ഞതെന്ന് സമീറുൽ ഇസ്ലാം ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
കുടിവെള്ള വിതരണം എന്നത് ഒരു ദാനമോ ആനുകൂല്യമോ അല്ലെന്നും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന മനുഷ്യാവകാശമാണെന്നും എം.പി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ജലം ഉപയോഗിക്കുന്നത് വഴി കുട്ടികൾക്കും പ്രായമായവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അയൽപക്കത്തുള്ള മറ്റ് പ്രദേശങ്ങളിൽ തടസമില്ലാതെ വെള്ളം ലഭിക്കുമ്പോൾ തങ്ങളുടെ കോളനിയെ മാത്രം വിവേചനപരമായി ഒഴിവാക്കുകയാണെന്ന് പ്രദേശവാസികളും ആരോപിക്കുന്നു. ജ്യോതി നഗർ കോളനിയിൽ കുടിവെള്ളം മുടങ്ങാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമാക്കണമെന്നും പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ളം എത്തിക്കാനും ജലവിതരണം സ്ഥിരമായി പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.